പാവക്കളി - ഷോർട് ഫിലിം
കാലം ആവശ്യപ്പെടുന്ന അനിവാര്യമായ ആശയത്തെയും പ്രതിരോധത്തെയും കലാകാരൻ തിരിച്ചറിയുമ്പോഴാണ് കല ജീവസ്സുറ്റതാവുന്നതു . പ്രിയ സുഹൃത്തു കെ.ടി. ബാബുരാജിൻ്റെ ഷോർട് ഫിലിം മിൽ എം.ആർ. പയ്യട്ടം എന്ന നമ്മുടെ സ്വന്തം രവിയെ നായകനായ് കണ്ടപ്പോൾ അതിശയത്തിലേറെ ആദരവാണ് തോന്നിയത്. കെ.ടിയുടെ ആശയത്തിലും സംവിധാനത്തിലും ആണ് ഈ ഷോർട് ഫിലിം ഉണ്ടായത് .
അതിവേഗം പരിണാമം സംഭവിച്ചു കൊണ്ടിരിക്കുന്ന സാംസ്കാരിക ലോകത്തെ പ്രതീകാത്മകമായി വിമർശിക്കുന്ന ഈ കൊച്ചു ഫിലിം സ്വത്വം നഷ്ടപ്പെടുന്ന മനുഷ്യൻ്റെ നിസ്സംഗതയുടെ സങ്കടം ഹൃദ്യമായി അടയാളപ്പെടുത്തുന്നുണ്ട് .
പാവക്കളി കണ്ടു കൊണ്ടിരിക്കുന്ന ജീവനുള്ള നായകൻ സ്വയം പാവയായി പരിണാമം കൊള്ളുമ്പോൾ യഥാർത്ഥ പാവകൾ അരങ്ങൊഴിയുന്നതോടെ ഈ മൂന്നു മിനിറ്റ് മാത്രം ഉള്ള സിനിമ അവസാനിക്കുന്നു.
കെ.ടിയുടെ പ്രമേയത്തോട് നൂറു ശതമാനം കൂറ് പുലർത്താൻ കഴിഞ്ഞു എന്നതാണ് എം ആറിന്റെ വിജയം. ആഹ്ളാദ തിമിർപ്പിൽ പാവക്കളി ആസ്വദിച്ചു കൊണ്ടിരുന്ന നായകൻ അവസാനം സ്വാതന്ത്രം നഷ്ട പ്പെട്ടു പാവച്ചരടുകളാൽ ബന്ധിക്കപ്പെട്ടു നിസ്സഹായനായി കിടക്കുന്ന അവസ്ഥ അതി ഗംഭീരമായാണ് എം ആർ അഭിനയിച്ചു ഫലിപ്പിച്ചിട്ടുള്ളത്.
ഇത് സ്വത്വം നഷ്ടപ്പെടുന്ന നിഷ്കളങ്കരുടെ കഥയാണ്. വലിയ രാഷ്ട്രീയം പറയുന്ന ചെറിയ ചിത്രം..