SAHITHYAM-SAMSKARAAM-RASHTREEYAM

 


സംസ്കാരം  സാഹിത്യം രാഷ്ട്രീയം 

************************************


പുരോഗമന  സാംസ്കാരിക  വേദിയിൽ നിന്നും കേട്ട ചില   നിരീക്ഷണങ്ങളുടെ  വെളിച്ചത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. നിരീക്ഷണങ്ങൾ  കോടതിയുടെ  വിധിയല്ലെങ്കിലും  നിരീക്ഷണങ്ങൾക്കും  ചെറുതല്ലാത്ത മൂല്യമുണ്ട് എന്നാണ് പൊതുവിലുള്ള  അഭിപ്രായം.  "സാഹിത്യത്തിൽ  "പൊളിറ്റിക്കലി  കറക്റ്റ് " എന്നൊന്നില്ല  എന്നാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ട  ഒരു  സാഹിത്യ  നിരൂപകന്റെ നിലപാട്.--,

സാഹിത്യത്തിൽ  ശരിയും തെറ്റുമുണ്ടോ ? . നല്ലതും ചീത്തയും ഉണ്ടോ ? സാഹിത്യത്തിൽ പുരോഗമനമുണ്ടോ . എന്തിനാണ് സാഹിത്യത്തിന് പുരോഗമനം എന്ന വിശേഷണം? . പൊളിറ്റിക്‌സിൽ  കറക്റ്റും  ഇൻകറക്ടും  ഉണ്ടോ?  അർത്ഥമറിയാത്ത സ്വാതന്ത്രത്തിന്റെ  നിരർത്ഥകത യാണോ ജീവിതം. ശീലമല്ലാത്തത്  അശ്ലീലം  എന്ന് പറയാൻ എളുപ്പമാണെങ്കിലും  പ്രയോഗിക്കാൻ  ഏറെ പണിപ്പെടേണ്ടിവരും.

മുൻവിധിയില്ലാത്ത  ചിന്തകൾ പലപ്പോഴും  വിവസ്ത്രമായിരിക്കും . ചിന്തകളുടെ  ഈ അവസ്ഥയാണ്  മൗലീകതക്ക്  പായവിരിക്കുന്നത് .ഉള്ളറിവ് , തിരിച്ചറിവ് , തിരുത്തൽ  ഇവ  നിരന്തരം  സംഭവിക്കുന്ന പ്രക്രിയയാണ്  ജീവിതം. ബിംബ കല്പനകൾക്കു  പരിണാമം സംഭവിക്കുന്നത്  ഇങ്ങനെയുള്ള തിരുത്തലിലൂടെയാണ് .  ഭാഷയുടെ    ബഹുമുഖ ബുദ്ധിയിൽ (multiple intelligence ) ഒന്ന് ഒന്നിനെ നിരാകരിക്കുന്നില്ല . മറിച്ചു  ചേർത്ത് പിടിക്കുകയും ചേർന്ന് നിൽക്കുകയും  ചെയ്യുന്നതാണ്  ബുദ്ധിയുടെ സമഗ്രത. അതായതു  കൊട്ടിയടക്കപ്പെട്ട  കംപാർട്മെന്റുകൾ  (WATER  TIGHT COMPARTMENTS)അല്ല  വിധതരം  ബുദ്ധികൾ.  പറഞ്ഞു വരുന്നത് ഇതാണ്. സർഗ്ഗാത്മക ബുദ്ധി  സർവതന്ത്ര സ്വതന്ത്രമല്ല . 

സ്വയം  മെരുങ്ങലിന്റെയും  മെരുക്കലിന്റെയും രീതി ശാസ്ത്രമാണ് ജീവിതം.ശ്രേഷ്ഠ ബുദ്ധി പ്രൗഢ ബുദ്ധി  കീഴാള ബുദ്ധി അങ്ങിനെ ഒന്ന് ഇല്ല. പൊളിറ്റിക്കലി  കറക്റ്റ് ആവാൻ വേണ്ടി  കൃതിയെ വലിച്ചു നീട്ടുമ്പോൾ  വാക്കുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. കാരണം  ആത്മനൊമ്പരങ്ങളുടെ  ഭാഷാ   സൗന്ദര്യം യാന്ത്രീകമായി നിർമ്മിച്ചെടുക്കാവുന്നതല്ല. സ്വത്വ പ്രതിസന്ധിക്കു രാഷ്ട്രീയ മാനമില്ലെങ്കിൽ ജീവനില്ലാത്ത ബിംബങ്ങൾ  ആവും ഫലം . അതുകൊണ്ടു  എഴുത്തു കാരന്റെ സ്വത്വം എന്നത് ഏറെ  പ്രധാനമാണ്.  എഴുത്തിൽ  നയ പ്രഖ്യാപനം ഉണ്ട്..സാമൂഹ്യ ചിന്തയുടെ സമീപനങ്ങളൂം നിലപാടുകളും ഉണ്ട്. ബിംബങ്ങൾ  രാഷ്ട്രീയ   സ്വഭാവം കാണിക്കുന്നുവെങ്കിൽ  വിമർശനവും നിരൂപണവും രാഷ്ട്രീയമായി തന്നെ ഉണ്ടാവും.   


സാംസ്കാരിക    സംരഭകത്വം  ഒരു  സാമൂഹ്യ യാഥാർഥ്യമാണ്. സാംസാരിക സംഘടനകൾ ഉണ്ടായാലും ഇല്ലെങ്കിലും  ഇതൊരു  പ്രകടമായ സത്യമാണ്. പ്രസാധകർ ഉണ്ടാവുന്നത്  അതുകൊണ്ടാണ്. അക്കാദമികളും അവിടെയുള്ള  മത്സരങ്ങളും അതുകൊണ്ടാണ്. ഉണ്ടാവുന്നത്.     രാ ഷ്ട്രീയ ബ്ലോക്കുകളിൽ  അഭയം തേടുന്നവരെയും യഥേഷ്ടം   കാണാം. ഇതൊക്കെ  എഴുത്തിലെ സംരംഭകത്വ സമീപനങ്ങൾ ആണ്. കേൾക്കാൻ  അപ്രിയമായ സത്യങ്ങൾ. പലർക്കും അഹന്തയെ  അലോസരപ്പെടുത്തുന്ന  അഭിപ്രായങ്ങൾ..

 പ്രതിസന്ധിയിൽ പ്രഷുബ്ധ മാവുന്ന  ചിന്ത കെട്ടു  പൊട്ടി ഒഴുകുന്ന പശ്ചാത്തലമാണ് കൃതിയുടെ ദാർശനിക മാനം നിശ്ചയിക്കുന്നത്..സർഗാത്മക ബുദ്ധിയുടെ  ഉന്മാദാവസ്ഥയിൽ അടർന്നു വീഴുന്ന  കണ്ണുനീരാണ്  കവിത .വ്യാകരണ നിയമങ്ങൾക്കു ഉന്മാദാവസ്ഥ ഒരിക്കലും വഴങ്ങില്ല.  കൃതിക്ക്  വ്യക്തമായ പ്രമേയമുണ്ടെങ്കിൽ അത്  രാഷ്ട്രീയമാണെകിൽ  അത്  രാഷ്ട്രീയമായി തന്നെ വിമർശിക്കപ്പെടും .സാഹിത്യത്തിൽ  രാഷ്ട്രീയം   ഉണ്ട്  എന്നതുകൊണ്ട്  അത്  രാഷ്ട്രീയ ഉല്പന്നമാവുന്നില്ല .    നിറഞ്ഞ രാഷ്ട്രീയ സ്വത്വത്തിൽ നിന്നും ലക്ഷണമൊത്ത  അതായത് പൊളിറ്റിക്കളി കറക്റ്റ് ആയ കൃതികൾ ഉണ്ടാവും. അങ്ങിനെയാണ്  "ഉഷ്ണ രാശി"  ഉണ്ടാവുന്നത് . കൃതിയിൽ  അടിച്ചേൽപ്പിക്കാവുന്ന ഒന്നല്ല പൊളിറ്റിക്കൽ കറക്ട്നെസ്സ്.  മുതലാളിത്തത്തിന്റെ  ആസക്തി പതഞ്ഞു പൊങ്ങുന്ന  ഭാഷയാണ്  " ഗോഡ്  ഓഫ് സ്മാൾ  തിങ്സ് " ൽ  ഉള്ളത്. സമ്പൂർണ നഗ്നതയിൽ ആണ്  സമ്പൂർണ സുഖം എന്നത് ആണ് നമ്മുടെ വിശ്വാസം. അതുകൊണ്ടാണ് മലർക്കെ തുറന്ന ചിന്തകൾ കൊണ്ട്  ഭാഷയെ മേയാൻ വിടുന്നത്. 

വിധി  തീരുമാനമാണ്. ഇങ്ങനെയുള്ള  വിധിയുടെ തുടർപ്രക്രിയയാണ് ജീവിതം. അതുകൊണ്ടു  മുൻവിധിയും  തീരുമാനം തന്നെ. അറിവുകൾക്ക്  അതിർവരമ്പ് ഇട്ടുകൊണ്ടാണ്  മുൻവിധിയുണ്ടാവുന്നതു. വായിച്ചു  വളരാൻ കഴിയുമായിരിക്കും . നല്ല സഹത്യാകാരൻ ആവാൻ പറ്റില്ല. എം. കൃഷ്ണൻ നായരെ   വായിച്ചു തോൽപ്പിച്ചവർ മലയാളത്തിൽ ആരെങ്കിലും ഉണ്ടോ എന്ന്  അറിയില്ല.   വല്ലാത്ത വായന നിങ്ങളെ  നിർമ്മിത  ആശയങ്ങളുടെ  നല്ല  ഉപഭോക്താവാക്കിയേക്കാം .സാഹിത്യത്തിൽ  ടൈപ്പുകൾ  ഉണ്ടാവുന്നത് വായിച്ചു മാത്രം എഴുതാൻ പോവുന്നതുകൊണ്ടാണ്.  ചിന്തയുടെയും വായനയുടെയും ഒരു ഫ്രെയിം  നമ്മൾ ഒരുക്കി വെച്ചിട്ടുണ്ട്. മൗലീകതയെ പ്രതിരോധിക്കുന്നത്   പലപ്പോഴും ഇങ്ങനെയുള്ള ഫ്രെയിമുകൾ ആണ്. സംഘടനാ സിദ്ധാന്തങ്ങളിൽ  രാഷ്ട്രീയത്തെ മെരുക്കി നിർത്തുമ്പോഴാണ്  തർക്കങ്ങൾ ഉണ്ടാവുന്നത്. ഈ തർക്കങ്ങൾ  ജനാധിപത്യം തന്നെയാണ്. സാഹിത്യകാരൻ സംഘടിച്ചാലും  സംഘടനാ സിദ്ധാന്തങ്ങളിൽ  മെരുങ്ങി നിൽക്കാനാവില്ല. നല്ല  വായന എന്നത്  ബുദ്ധി പൂർവം  മോഷ്ടിക്കാനുള്ള ഉപാധിയാവരുത് .

എന്റെ   സാമൂഹ്യ ജീവിതം കൊണ്ട്  ഞാൻ  ഒരു  രാഷ്ട്രീയക്കാരനാണ്. സാമൂഹ്യ ജീവിതത്തിലെ  സമഗ്രതയെ സാംശീകരിക്കുന്നതാണ്  എന്റെ സ്വതം -സ്വത്വ ഘടന. ഈ സമഗ്രതയിലെ  മുഖ്യ ചേരുവയാണ്   രാഷ്ട്രീയം.   കാരണം സാമൂഹ്യ ജീവിതം ഒരു  നയതന്ത്ര സമീപനം കൂടിയാണ്.  താൻ  എത്രമാത്രം  പൊട്ടൻഷ്യൽ (potential ) ആണ് എന്നത്    ഒരാളെ  സംബന്ധിച്ചെടുത്തോളം ആത്മനിഷഠമാണ് . ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഒരാൾ അയാളെ  സമൂഹത്തിൽ  അവതരിപ്പിക്കുന്നത്. ഒരാൾ  സാമൂഹ്യ ജീവി ആവുന്നിടത്തോളം  അയാളിൽ ബോധവും  ബോധ്യവും  ഉണ്ട്. സാമൂഹ്യ ജീവിതത്തിൽ  നിർവഹണമുണ്ട് (management ) . ഇത്തരത്തിലുള്ള നിർവ്വഹണത്തിലെ  നീതിയും രീതിയും ആണ്  രാഷ്ട്രീയം. അതുകൊണ്ടു "മനുഷ്യൻ  മുഖ്യമായും  ഒരു രാഷ്ട്രീയ ജന്തുവായേ"  സാമൂഹ്യ ജീവിതം സാധ്യമാവൂ. അതുകൊണ്ടു തൂണിലും തുരുമ്പിലും ദൈവമുണ്ട് എന്ന് പറയുന്നതുപോലെ  എവിടെയും രഷ്ട്രീയമുണ്ട്. മതത്തിലുമുണ്ടു  രാഷ്ട്രീയം. വിശ്വാസം കൊണ്ട് നിശ്ബ്ദമാക്കപ്പെട്ട  രാഷ്ട്രീയമാണ്  മതം. അതായതു  മതത്തിൽ  രാഷ്ട്രീയം passive  ആണ്. അവിടെ  രാഷ്ട്രീയം  ആക്റ്റീവ്  ആക്കരുത്  എന്നത്  സാമൂഹ്യ  ജീവിതത്തിലെ നയതന്ത്ര നിലപാട്  മാത്രമാണ്.     

മതത്തിൽ  രാഷ്ട്രീയം ഉണ്ടെങ്കിൽ രാഷ്ട്രീയത്തിൽ  മതവുമുണ്ട്. അതുകൊണ്ടാണ് നമ്മൾ ജമ്മുകാശ്മീരിന്റെ  പ്രത്യേക പദവിയെ കുറിച്ച്  സംസാരിക്കുന്നതു.സാമൂഹ്യ   യാഥാർഥ്യങ്ങൾ കണ്ടും കൊണ്ടുമാണ് രാഷ്ട്രീയം  നിലനിൽക്കുന്നത്.

സാംസ്കാരിക ജന്മിത്വം സത്യമാണ് . അതിലെ  കാര്യസ്ഥന്മാരാണ്  സാംസ്കാരിക നായകർ . ഈ കാര്യസ്ഥ  പണിക്കു കാത്തിരിക്കുന്ന  കൂട്ടായ്മയാണ്  സാംസ്കാരിക സംരംഭകത്വം. ഒരു പ്രോലെറ്റേറിയൻ  ദുരന്തം. 


ഏതു പൊത്തിൽ പോയി ഒളിച്ചാലും മനുഷ്യൻ  സാമൂഹ്യ ജീവി തന്നെയാണ് .സാമൂഹ്യമായി കണ്ണിചേർക്കപ്പെട്ടതാണ് (socially  affiliated ) അവൻ്റെ   അസ്തിത്വം. ആശയങ്ങൾ  തിരിച്ചറിവിന്റെ ഉൽപ്പന്നങ്ങൾ ആണ്. ,.സമൂഹത്തിൽ  .നിന്നും  കണ്ടും കൊണ്ടുമാണ്    തിരിച്ചറിവ് ഉണ്ടാവുന്നത്. അതുകൊണ്ടു  സൃഷ്ടികൾ  സാമൂഹ്യ ഉൽപ്പന്നം ആകുന്നു. ഇങ്ങനെയുള്ള  സാമൂഹ്യമായ  അസ്തിത്വത്തിനു സ്വകാര്യതയുടെ അഹന്ത  നിരാകരിച്ചു കൊണ്ടാണ് മാക്സിസം ഉണ്ടാവുന്നത്.


  സാഹിത്യത്തിൽ  സംസ്കാരമുണ്ട് . സംസ്കാരത്തിൽ രാഷ്ട്രീയവുമുണ്ട് . ഒന്ന് മറ്റൊന്നിനെ  നിരാകരിക്കുന്നില്ല.  സൗന്ദര്യവും  താളവും രീതിനും  നീതിയും സമ്മേളിക്കുമ്പോൾ  ശരി തന്നെയാണ് നമ്മൾ തേടുന്നത് .      

ഒരാളുടെ  സർഗ്ഗാത്മക ബുദ്ധി (aesthetic intelligence ) സാമൂഹ്യമായി സംവദിക്കുമ്പോഴാണ്  അയാൾക്ക്‌ ആസ്വാദനമുണ്ടാവുന്നതു. അത്  ഭാഷയിൽ പ്രയോഗിക്കുമ്പോൾ  ഒരു തരം ലിംഗ്വിസ്റ്റിക്  ഗെയിമിംഗ്  നടക്കുന്നു. സർഗ്ഗാത്മകം എന്നത് സൗന്ദര്യത്തിന്റെ  വൈകാരിക ഭൂമികയാണ്.  വൈകാരിക ബുദ്ധിയുമാണ് ..സാമൂഹ്യ  ജീവിതത്തിലെ അനിവാര്യമായ ചേരുവയാണ് "സംസ്കാര"മെങ്കിൽ   ഈ സംസ്കാരത്തെ  പ്രയോഗത്തിൽ കൊണ്ട് വരുന്ന  രീതിയാണ് രാഷ്ട്രീയം. സംസ്കാരത്തെ  വഹിച്ചു പോവുന്ന വാഹനമാണ്  രാഷ്ട്രീയം.  ഏതു  വാഹനം  വേണം  എന്നത്  നിങ്ങളുടെ തീരുമാനം.

------

 o.v. sreenivasan

Previous
Next Post »