എഴുത്തിന്റെ മനഃശാസ്ത്രം
******************************
സാഹിത്യകാരൻ, എഴുത്തുകാരൻ എന്നതൊക്കെ ഒരാളുടെ അവസ്ഥയാണ്. പ്രത്യുല്പ്പാദനപരമായ ഒരു നിലയാണ്. പലപ്പോഴും തൊഴിലാണ്. അതുകൊണ്ടു തന്നെ സാംസ്കാരിക സംരഭകത്വത്തിലെ വഴിയാണ്. വ്യത്യസ്ഥ വ്യവഹാരങ്ങളുടെ വഴികളിലൂടെ യാണ് സംരംഭകത്വം അതിൻ്റെ ധർമ്മം നിറവേറ്റിപ്പോവുന്നത് . എഴുത്തും അതിൻ്റെ പ്രകാശനവും ആണ് മുഖ്യ ധാരാ രീതി. സാഹിത്യ -സാംസ്കാരിക സംഘങ്ങളൊക്കെ ഇങ്ങനെയുള്ള സംരഭകത്വ വഴിയിലെ കൂട്ടായ്മകൾ ആണ്. സഹകരിച്ചു വളരുക എന്നത് തന്നെയാണ് നയം. ആശയങ്ങളുടെ കേവലമായ ഐക്യമല്ല. ആദർശങ്ങളുടെ അഭിനിവേശവുമല്ല . മറിച്ചു താത്പര്യങ്ങളുടെ സംരക്ഷണത്തിനായുള്ള ഒരു പ്ലാറ്റുഫോം കൂടിയാണ് ഇത്തരം കൂട്ടായ്മകൾ. ഇതിനോട് ചേർന്ന് നിൽക്കുന്നതാണ് പ്രസാധകർ അഥവാ പബ്ലിഷിംഗ് കമ്പനി കൾ . വിലക്കെടുക്കാനും വിലപേശാനുമുള്ള അനുബന്ധ പരിപാടി. സാഹിത്യം എന്നത് ആത്മീയ മാർഗ്ഗമൊന്നുമല്ല. ലൗകീക ജീവിതത്തിന്റെ തുറന്ന വഴിയും തുറന്നെഴുത്തുമാണ് .അതുകൊണ്ടാണ് എഴുത്തുകാരനും പബ്ലിഷറും തമ്മിൽ തർക്കങ്ങൾ ഉണ്ടാവുന്നത്. കഥാകൃത്തും നിർമ്മാതാവും തമ്മിൽ തർക്കമുണ്ടാവുന്നതു. കഥ കാര്യമാണ്. കലഹമാണ് . കാരണമാണ്. പരസ്യം ചെയ്യാത്ത തിരിച്ചറിവുകളായി ചിലരെങ്കിലും സാഹിത്യത്തെ സൂക്ഷിച്ചിട്ടുണ്ട്. അത് ജീവിതത്തോടുള്ള സർഗ്ഗാത്മക സംവാദമാണ്. ജീവിതത്തെ സൗന്ദര്യമായി കാണുക എന്നതാണ് മനുഷ്യന്റെ വഴി. അവിടെ വരുന്ന തടസ്സങ്ങളെ സംവദിച്ചു തോൽപ്പിക്കുമ്പോൾ ഉണ്ടാവുന്ന ആവിഷ്കാരങ്ങൾ ആണ് സാഹിത്യം. സർഗ്ഗാത്മകതയുടെ ഒരു വശം ക്രൂരതയും അനാശാസ്യതയും അരാജകത്വവും ഒക്കെ ആണ്. ഇയാഗോ ഇല്ലാതെ ഒഥല്ലൊ പൂർണ്ണമാവില്ലല്ലോ. വാസവദത്ത ഇല്ലാതെ കരുണ ഇല്ല. അതായത് സർഗ്ഗാത്മകത എന്നത് നന്മയുടെയും സ്നേഹത്തിന്റെയും മാത്രം സൌന്ദര്യ വൽക്കാരണമല്ല .
വിശാലമായ വായന വേണം എന്ന് പലരും ഉപദേശിക്കുന്നത് കാണാം. ഉദ്ദേശിക്കുന്നത് പുസ്തക വായനയാണ്.സർഗ്ഗാത്മക വളർച്ചയുടെ ശരിയായ വഴി പുസ്തക വായന ആണെന്ന് പറയുന്നത് ഒരു വൈജ്ഞാനിക സമീപനമാണ്.. സൗന്ദര്യം പുസ്തകത്തിൽ ഉണ്ടാവാം. സൗന്ദര്യ സമീപനത്തെ അറിയാനും പുസ്തകം സഹായിച്ചേക്കാം. പക്ഷെ സൗന്ദര്യത്തിന്റെ മൗലികത സാമൂഹ്യ വായനയിലൂടെ ആർജ്ജിക്കുന്നതാണ്. ചത്ത വാക്കുകളെ ചുട്ടു തിന്നുന്നവൻ ആണ് സാഹിത്യ നായകൻ. ചുട്ടെടുത്ത സംസ്കാരം മാത്രമേ അതിലുളളൂ. ഊർജ്ജം ഉണ്ടാക്കുവാനോ നശിപ്പിക്കുവാനോ കഴിയില്ല.ഇത് തന്നെയാണ് സർഗ്ഗാത്മകതയുടെ അവസ്ഥയും. മറിച്ചുള്ളതെല്ലാം നമ്മുടെ വ്യാഖ്യാനങ്ങൾ ആണ്.
പുസ്തകം വായിച്ചാലേ എഴുത്തു വരൂ എന്നത് ഒരു സർഗ്ഗത്മക പ്രതിസന്ധിയാണ്. വായിച്ച പുസ്തകത്തിന്റെ കണക്കെഴുത്തും കഥയെഴുത്തും ശീലമാക്കുന്നത് വല്ലാത്ത അരോചകവുമാണ്.
ജീവിതത്തിലെ പ്രതിസന്ധിയിൽ പൊന്തിവരുന്ന പ്രശ്നങ്ങളുടെ സാംസ്കാരിക സന്ധിയാണ് എഴുത്ത് . ഇവിടെ ഉണ്ടാവുന്ന തിരിച്ചറിവിന്റെ വെളിച്ചമാണ് അതിൻ്റെ മൗലികത. ആരൊക്കെയോ വേവിച്ചെടുത്ത ആശങ്ങളുടെയും അനുഭവങ്ങളുടെയും വാഹനത്തിൽ മാറി മാറി യാത്ര ചെയ്യുമ്പോൾ സ്വയം ഒരു വാഹനമില്ലല്ലോ എന്ന് ഓർക്കാതെ പോവുന്നത് വായനയിൽ സംഭവിക്കുന്ന അലസതയാണ് . പുസ്തകം ഒരു വാഹനമാണ് . നമ്മുടേതല്ലാത്ത വാഹനം . കേവല ബുദ്ധി ജീവി എന്നത് സാമൂഹ്യ സാധ്യത യില്ലാത്ത അവസ്ഥയാണ് എന്നും ഓർക്കേണ്ടതുണ്ട്. സാദ്ധ്യതകൾ അറിയാത്ത ജീവിതം ശൂന്യതയാണ് . തെയ്യം അടക്കം ഉള്ള ബിംബങ്ങളെ കഥക്കുവേണ്ടി അഭയം പ്രാപിക്കുന്നത് വരൾച്ച ബാധിച്ച സർഗ്ഗാത്മകതയെ അതിജീവിക്കാനുള്ള അടവ് നയം എന്ന നിലയിലാണ്. കാരണം ഇത്തരം ബിംബങ്ങൾ സ്വന്തം നിലയിൽ സർഗ്ഗാത്മക സുഖം നൽകാൻ പര്യാപ്തമാണ്. എന്നത് തന്നെ. അതുകൊണ്ടു തായിപ്പര ദേവത ബിംബമായി വരുമ്പോൾ വിശ്വാസത്തിന്റെ വികാര പരിസരം സ്വാഭാവിക മായി കഥയിൽ വളർന്നു വരും. തൊഴിലെഴുത്തിന്റെ ഒരു അവസ്ഥയാണ് ഇത്. "പൊളിറ്റിക്കലി കറക്റ്റ് " ആയിരിക്കണം എന്ന് വാശി പിടിച്ച ഒരു എഴുത്തും കലയുടെ സൗന്ദര്യം കൊണ്ട് രക്ഷപ്പെട്ടിട്ടില്ല.
ജീവിതത്തെ സംരംഭകത്വ വഴിയിലൂടെ കൊണ്ടുപോവുന്ന മനുഷ്യൻ സാംസ്കാരിക സംരഭകനായും രാഷ്ട്രീയ സംരഭകനായും , ആത്‌മീയ സംരഭകനായും വേഷമിടുന്നുണ്ട്. വിശ്വാസം പോലും സംരംഭകത്വ വഴിയിലൂടെയാണ് മുന്നോട്ട് കൊണ്ടുപോവുന്നത് .അതുകൊണ്ടു വായന എന്നത് എഴുത്തുകാരന് മുഖ്യമായും വിഭവങ്ങൾ ശേഖരിക്കാനുള്ള സംരംഭക സമീപനമാണ്. കാരണം വായന ഇല്ലാത്ത എഴുത്തുകാരൻ മാർക്കറ്റിൽ നിരായുധീകരിക്കപ്പെടും. ആയുധമെടുത്തു് മത്സരിക്കുക എന്നതാണ് നിലനിൽപ്പിന്റെ വഴി. നിലനിൽപ്പിന്റെ പോരാട്ടം ഒരു സംരഭകത്വ സിദ്ധാന്തമാണ്. വായന ചിന്തയുടെ ആക്രമണ സ്വഭാവം വളർത്തും എന്നത് വേറൊരു സത്യം. ഇതിന്റെ വകഭേദമാണ് നിരൂപണം .സoരംഭകത്വ വഴിയിൽ നിന്നും മാറി നടന്നാൽ ആളറിയാത്ത ശൂന്യതയായി തീരും എന്നത് ഒരു സാമൂഹ്യ പാഠമാണ്.
സർഗാത്മകത നിഷ്കളങ്കമായ ആത്മീയ സുഖമാണ് എന്നൊക്കെയുള്ള വാദം ഒരു ഫ്യുഡൽ നിലയാണ്. രാഷ്ട്രീയത്തിനൊപ്പമോ അതിലുപരിയോ ആയ സ്വാർത്ഥത സർഗ്ഗാത്മക വ്യവഹാരത്തിൽ ഉണ്ട്. ഗുപ്തമായ അഹന്തയെ അഭിമുഖീകരിക്കാതെ നിങ്ങൾക്ക് ഒരു പുസ്തക പ്രകാശനം സാധ്യമല്ല തന്നെ. അതുകൊണ്ടു സാഹിത്യത്തിൽ അധികാര തർക്കങ്ങൾ മാത്രമല്ല അവാർഡ് തർക്കങ്ങളും ഉണ്ട്. ആശയങ്ങളുടെ ഒത്തു തീർപ്പുണ്ട്. ആദർശങ്ങളുടെ ഒളിച്ചുകളിയുണ്ട് .
ആശയങ്ങൾക്കു വിലയിടാനാവില്ല . ആവശ്യങ്ങൾക്കു മാത്രമേ വിലയിടാനാവൂ. കാരണം ആശയങ്ങൾക്കു വിലയിടുമ്പോൾ അത് ആശയമല്ലാതായി തീരും. പുസ്തകത്തിന് പണം കൊണ്ട് മൂല്യ നിർണ്ണയം നടത്താനാവില്ല . വാക്കുകൾക്ക് ആരോഗ്യമില്ലെങ്കിൽ വിമർശകന് ആർജ്ജവമില്ലെന്നു അനുമാനിക്കാം. എഴുത്തിന്റെ കരുത്തു എന്നൊക്കെ പറയുന്നത് അതാണ്.. തളരുന്ന സർഗ്ഗാത്മതകയെ വായനകൊണ്ട് അതിജീവിക്കാം എന്നത് വാർദ്ധക്യത്തിന്റെ മാത്രം മനോഭാവം അല്ല. യുവാക്കളും അങ്ങനെയൊക്കെയാണ്. കാമ്പസിന്റെ വായനാമുറികളിൽ നിശബ്ത മായ ജീവിതം കൊണ്ടുള്ള ബൗദ്ധീക വ്യായാമമാണ് നടക്കുന്നത്. അക്ഷരബന്ധമല്ല ജീവിതഗന്ധമാണ് ശരിയായ സർഗ്ഗാത്മകത നിശ്ചയിക്കുന്നത് .
ജീവിച്ചരിക്കുമ്പോൾ ആദരിക്കപ്പെട്ട എഴുത്തുകാരൊക്കെ നല്ല സംരഭകത്വ ശേഷി ഉള്ളവരാണ്.. ഇരുത്തം വന്ന എഴുത്തുകാരൻ ആവുന്നത് ഇങ്ങനെ ഒരു ശേഷി ഉള്ളതുകൊണ്ടാണ്. വിപണിയിലെ നയതന്ത്ര പെരുമാറ്റങ്ങൾ അറിഞ്ഞു കൊണ്ട് മാത്രമേ സാഹിത്യത്തിൽ ഇടം ഉറപ്പിക്കാനാവൂ. അങ്ങിനെയാണ് പ്രബലമായ സോഷ്യൽ ബ്ലോക്കുകളോട് ചങ്ങാത്തം കൂടുന്ന അടവ് നയം സാഹിത്യ നായകർ സ്വീകരിക്കുന്നത് . ശത്രുവിന്റെ ആയുധബലമറിയാതെ സായുധ വിപ്ലവത്തിന് പുറപ്പെട്ടവരൊക്കെ ഒറ്റപ്പെട്ടുപോയിട്ടുണ്ട്. 'സാംസ്കാരിക നക്സലിസം' കൊണ്ട് ഒന്നുമല്ലാതെ ആയ കുറെ പേരുണ്ട്. പേര് നോക്കി പെരുമ പറയുന്നവരുടെ നാടാണിത് ചി ന്തയെ നിശ്ശബ്ദമാക്കിക്കൊണ്ടാണ് ആത്മീയ സുഖം അനുഭവിക്കുന്നത്. പെറ്റുപെരുകുന്ന ചിന്തയിൽ നിന്നുമാണ് സൃഷ്ടികൾ ഉണ്ടാവുന്നത്..ഒരിടത്തു ചിന്തയെ നിരായുധീകരിക്കുന്നു.അഹന്ത നിശ്ചലമാവുന്നു.. അഹന്തയുടെ അഭിനിവേശത്തിൽ പിറന്നു വീഴുന്നതാണ് സാഹിത്യം..
നടന്നു എത്താൻ പറ്റാത്തിടത്തു നമ്മൾ ബസ് കയറി പോവും .ചിന്തിച്ചെത്താൻ പറ്റാത്തിടത്തു വായനയിലൂടെയും എത്തും. ഇതൊരു സമയക്കുറവിന്റെ മാത്രം പ്രശ്നമല്ല. അലസതയുടെ ഒത്തുകളികൂടി യാണ്.
വായനയിൽ ചിന്തയുടെ വ്യവഹാരമുണ്ട് . ഇങ്ങനെ വ്യവഹരിച്ചു വളരുന്നു എന്നത് ചിന്തയുടെ വഴിയാണ്. എഴുതിക്കഴിയുന്നതോടെ ആശയം പഴയതാവും .എഴുത്തു ആശയങ്ങളുടെ പോസ്റ്റ് മോർട്ടം ആവുന്ന അവസ്ഥയുമുണ്ട്. വായനയുടെ അടിമത്വം നിങ്ങളെ ടൈപ്പുകൾ ആക്കി മാറ്റിയേക്കാം. എഴുത്തുകാരിൽ ഭൂരിഭാഗവും ഇങ്ങനെയുള്ള ടൈപ്പുകൾ തന്നെ. ഒരു എഴുത്തുകാരനിൽ മറ്റൊരു എഴുത്തുകാരനെ കാണുന്ന അവസ്ഥ സാധാരണമായിരിക്കുന്നു . കടമെടുത്ത കാഴ്ചകൊണ്ട് എഴുത്തു ജീവിതം സാർത്ഥകമാക്കുന്നവർ . .ഉദ്ധരിക്കാൻ അധികാരികൾ (authority )വേണം എന്നായിരിക്കുന്നു എഴുത്തിന്റെ അവസ്ഥ. ഇതൊരു തരം ധൈഷണീക അടിമത്വം ആണ്. അതുകൊണ്ടു ടാഗോർ പറഞ്ഞു, മാർക്സ് പറഞ്ഞു ഇ.എം.എസ് പറഞ്ഞു എന്നൊക്കെ എഴുതി മുൻകൂർ ജാമ്യം എടുക്കാൻ നമ്മൾ പഠിച്ചിട്ടുണ്ട്. 'വലിയവർ' പറഞ്ഞെടുത്തു നിന്നാണ് ഞാൻ തുടങ്ങുന്നത് എന്ന് പറഞ്ഞു ഞാൻ എന്നെ ഉപേക്ഷിക്കുന്നുണ്ട് .നിങ്ങൾ ഒരു ഗാന്ധിയനോ മാർക്സിസ്റ്റോ , അരാജകവാദിയോ ആണെന്ന് പറയും. കാരണം വായനയിൽ നിങ്ങൾ നിങ്ങളെ ഉപേക്ഷിക്കുന്നുണ്ട് .അക്ഷരങ്ങളും അറിവുകളും കൈമാറിക്കിട്ടിയതാണ് എന്ന് നമ്മൾ പറയും. അതിനപ്പുറം ഒരു പ്രായോഗീക സമീപനമില്ല.സംസ്കാരത്തിലെ നൈരന്തര്യം ഒരു സത്യമാണ്. സംസ്കാരം ഒരു തുടർച്ചയാണ്. പക്ഷെ അത് കേവലമല്ല. കാലം അത് കഴുകി വൃത്തിയാക്കുന്നുണ്ട് . ഇങ്ങനെ വൃത്തിയാക്കാൻ വിമുഖത കാണിക്കുമ്പോഴാണ് മൗലികവാദം ഉണ്ടാവുന്നത്. തിരിച്ചറിവുകൾക്കു വെളിച്ചമാവുന്ന സാമൂഹ്യ വായന ആണ് ആവശ്യം. അങ്ങിനെയാണ് ജീവിതത്തെ വായിക്കുന്നത്. വായിക്കപ്പെടാത്ത ജീവിതം അർത്ഥ ശൂന്യമാണ്. ജീവിതത്തിന്റെ അവസാനത്തെ അർത്ഥം ആർക്കും എഴുതിവെക്കാനാവില്ല..അത് കാലത്തിനൊപ്പം മാറിക്കൊണ്ടേ യിരിക്കും .വായനയിൽ വിശ്വാസം കൈകടത്തുമ്പോൾ ജീവിതം കലഹരണപ്പെടും.ശാസ്ത്ര ലോകത്തിലെ ആധുനീക ജീവിതത്തിലും വിശ്വാസത്തിലെ മുൻവിധി കൊണ്ട് നമ്മൾ അവിവേവികളായി പോവുന്നുണ്ട്. എഴുതുവാൻ അധികാരികളുടെ അനുഗ്രഹം തേടുന്ന അവസ്ഥയാണ് അവതാരിക..കാരണം അധികാരത്തിന്റെ അഹന്തയെ നമ്മൾ വല്ലാതെ ഭയപ്പെടുന്നുണ്ട്.
സാമൂഹ്യ ജീവിതത്തിനു നമ്മൾ സ്വയം എഴുതുന്ന അവതാരികയാണ് എഴുത്തു. ജീവിച്ചു വരുമ്പോൾ , ജീവിതത്തെ വ്യഖ്യാനിച്ചു ബോധ്യപ്പെടുമ്പോൾ ഉണ്ടാവുന്ന തിരിച്ചറിവുകൾ ആണ് ദർശനങ്ങൾ. ഇങ്ങനെയുള്ള തിരിച്ചറിവിന്റെ സാമൂഹ്യമായ കൈമാറ്റം ആണ് എഴുത്തുകൾ. അവിടെ സംരംഭകത്വത്തിലെ വ്യവഹാര ബുദ്ധികൾ പ്രയോഗിക്കുക എന്നത് ജീവിതത്തിലെ സാമാന്യ ബോധം മാത്രമാണ് .എഴുത്തിന്റെ ആസ്തി ബലം ശിഷ്ട പത്രം നോക്കി സംതൃപ്തി യടയുന്നവർ തനിക്കുള്ള സാമൂഹ്യ പരിഗണയിലെ പ്രോട്ടോകോൾ ഒന്ന് തെറ്റിയാൽ ക്ഷുഭിതരാവുന്നത് നമ്മൾ പലകുറി കണ്ടതാണ്. അതിൽ തെറ്റൊന്നും പറയുന്നില്ല. കാരണം ജീവിതം പ്രായോഗീകമായി ഒരു സംരഭകത്വ സമീപനമാണ്. ചെറിയവൻ വലിയവൻ എന്ന പരിഗണന എഴുത്തിലും എഴുത്തുകാരിലും ഉണ്ട്. വലുപ്പം നിശ്ചിയിക്കുന്ന മാനങ്ങളെ കുറിച്ച് തർക്കങ്ങളും ഉണ്ട്. അതുകൊണ്ട് മേലധികാരിയുടെ കയ്യൊപ്പ് (അവതാരിക ) ഇല്ലാതെ പുസ്തകമിറക്കാൻ നമുക്കാർക്കും ധൈര്യം ഇല്ല.
എഴുത്തു എന്നത് പറയുന്നത് പോലെ തന്നെ ഒരു തരം സംവാദമാണ്. ഏഴുത്ത് സെൽഫിയാണ്. അതുകൊണ്ടു തന്നെ സെൽഫ് പ്രൊമോഷൻ ആണ്. സാമൂഹ്യ ജീവി എന്നനിലയിൽ ഞാൻ എന്നെക്കുറിച്ചു പറഞ്ഞുപോവുന്നുണ്ട് . ഇവിടെ കണ്ട കാര്യങ്ങൾ നിങ്ങളോട് പങ്കുവെച്ചു ബോധ്യപ്പെടുക എന്ന ദൗത്യം ജീവിതത്തിൽ ഉണ്ട്. ആശയ വാദവും അസ്തിത്വവാദവും മാർക്സിസവും ഗാന്ധിസവുമൊക്കെ ഇങ്ങനെപറഞ്ഞു ബോധ്യപ്പെട്ട ദൗത്യങ്ങൾ ആണ് . ജീവിതത്തെ കണ്ടെത്തുക എന്ന കാര്യം പ്രധാനമാണ്. എഴുത്തു പലപ്പോഴും തിരുത്താനുള്ള ഉപാധികൂടിയാണ് എന്നും കാണാം. അത് സ്വയം നടത്തുന്ന സംശയ നിവാരണമാണ്. അത് സ്വകാര്യ പ്രക്രിയ അല്ല. സമൂഹത്തിൽ നിന്നും സ്വീകരിച്ചു സമൂഹത്തിനു നൽകുന്ന പ്രക്രിയയാണ്. അതുകൊണ്ട് എഴുത്തുകാരൻ ഒരു സാമൂഹ്യ ഉപാധിയാണ്. അതിൽ വ്യവഹാര ബുദ്ധിയുണ്ട്. സാമൂഹ്യ ബോധവും നിയമവും ഉണ്ട്. കീഴ്വഴക്കമുണ്ട് . കീഴ്‌പെടലുണ്ട്. അധികാരമുണ്ട് .അധികാരിയുണ്ട് . അധികാര തർക്കമുണ്ട്.
അറിവിൻ്റെ അധികാരികളുടെ (authority ) സംരക്ഷണ കവചത്തിൽ നിന്നുകൊണ്ട് എഴുതുക എന്നതാണ് എഴുത്തുകാരന്റെ സമാധാനം. ഇത് "ഞാൻ അല്ല പറഞ്ഞത് " എന്ന് മഹാ വിനയത്തോടെ എഴുതാൻ നമുക്ക് വിഷമമൊന്നും ഇല്ല. ഞാൻ പറഞ്ഞാൽ അത് ആത്മനിഷ്ഠമായിപ്പോവും .എഴുത്തിൽ മാത്രമല്ല പ്രസംഗത്തിലും ഈ അറിവിൻ്റെ അധികാരികളെ കൂട്ടുപിടിക്കുന്നത് നമുക്ക് കാണാം. നമുക്കായ് പറയാൻ ഒന്നും ഇല്ലാത്ത അവസ്ഥ ധൈഷണീകമായ അടിമത്വം ആണ്. എഴുതി തീരുമ്പോഴേക്കും സ്വന്തമായി പറയാൻ ഒരു ശൈലീ പോലും ബാക്കി ഉണ്ടാവില്ല. ഇവിടെ ചിന്താ ഭീരുത്വം ഉണ്ട്. എഴുത്തിന്റെ ചട്ടക്കൂട്ടിൽ നഷ്ടപ്പെട്ടു പോകുന്ന സ്വാതന്ത്ര്യമുണ്ട്. സ്വയം നഷ്ടപ്പെട്ടു കൊണ്ട് എഴുതുന്നതൊന്നും നല്ലെഴുത്തല്ല. അതായത് ആശയപരമായ കീഴാള നില അഡ്ജസ്റ്റു മെന്റ് ആണ്.നാരായണ ഗുരു ഇങ്ങനെ ഒരു ഒത്തു തീർപ്പിനു തയ്യാറായിരുന്നില്ല . അതുകൊണ്ടാണ് അദ്ദേഹത്തിന് മനുഷ്യനെ തിരിച്ചു പിടിക്കാൻ കഴിഞ്ഞത്. മനുഷ്യനെ തിരിച്ചു പിടിക്കുക എന്നത് തന്നെയാണ് വിപ്ലവം. എഴുത്തിൽ തിരിച്ചറിവിന്റെ വിപ്ലവമുണ്ടാവുന്നതു അങ്ങിനെയാണ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വാഴ്ത്തപ്പെടുന്നത് അതുകൊണ്ടാണ്. സ്വതന്ത്രമായ വാക്കുകൾ ആണ് എഴുത്തിന്റെ ജീവനും ജീവിതവും. ഇങ്ങനെ ഒരു മാനിഫെസ്റ്റോ കക്ഷത്തു വെച്ച ക്ളീഷേ മാത്രമാണ് പിന്നീട് കണ്ട പല കമ്മ്യൂണിസ്റ്റ് വേഷങ്ങളും . വായിച്ചെടുക്കുമ്പോൾ ചിലർക്ക് മോഷ്ടിച്ചെടുക്കാനും തോന്നും. വലിയ വായനയിലൂടെ ചിലപ്പോഴെങ്കിലും വളരുന്ന ശീലമാണ് സാഹിത്യ മോഷണം. നല്ല വായനക്കാരന് സമർത്ഥമായി മോഷ്ടിക്കാനും കഴിയും. ഉദ്ധരിക്കുന്നതല്ല മറിച്ചു ഉദ്ധരിക്കാതെ സ്വന്തമാക്കി കളയുന്ന ശീലമുള്ളർ ഏറെയുണ്ട്. മനസ്സ് വിശ്രമത്തിൽ ആവുമ്പോൾ എഴുത്തു എഴുന്നേറ്റ് നടക്കും എന്ന് കരുതേണ്ട. നിലനിൽപ്പിന്റെ സിദ്ധാന്തം ഒരു തുടർ പ്രക്രിയ ആണ്. ജീവിതത്തിന്റെ സങ്കീർണ്ണതയിൽ നിന്ന് മാറി കൊണ്ട് എഴുത്തിന്റെ കാലുഷ്യത്തെ ഊട്ടാനാവില്ല . സംസ്കാരത്തിന് റിട്ടയർമെന്റ് ഇല്ല. രാഷ്ട്രീയത്തിനും. അങ്ങിനെയുണ്ടെന്ന് കൽപ്പിക്കുന്നത് സംരംഭകത്വ നിയമമാണ്. ചിന്തയിലേയും നിലപാടിലേയും മൗലീകത കൊണ്ട് മാത്രമേ നമുക്ക് നമ്മെ സ്വതന്ത്രമാക്കാൻ കഴിയൂ. അതുകൊണ്ട് ആവരണം ചെയ്യപ്പെട്ട ചിന്തകളിൽ നിന്നുമുള്ള മോചനമാണ് എഴുത്തിന്റെ ശരി നിശ്ചയിക്കുന്നത്.
>>>
ഒ .വി. ശ്രീനിവാസൻ .