രാഷ്ട്രീയം, രാഷ്ട്രീയ മനഃശാസ്ത്രം
POLITICS, POLITICAL PSYCHOLOGY
*****************************************
രാഷ്ട്രീയത്തിൽ മനഃശാസ്ത്രവും മനഃശാസ്ത്രത്തിൽ രാഷ്ട്രീയവും ഉണ്ട് . കാരണം രണ്ടിലും തത്വ ശാസ്ത്രമുണ്ട്. ജീവിതത്തിന്റെ വഴി തേടുന്ന വെ ളിച്ചമാണ് രാഷ്ട്രീയവും മനഃശാസ്ത്രവും. ഇതിൽ അധികാരത്തിൻ്റെ വഴിയും ഉണ്ട് എന്നത് ഒരു ആഗോള സത്യമാണ്. അതുകൊണ്ടാണ് നമ്മൾ ഒരു മൂന്നാം ലോക മഹായുദ്ധത്തിനു കാത്തിരിക്കുന്നത്. മനഃശാസ്ത്രം മുഖ്യമായും ആഭ്യന്തര തർക്കങ്ങളിൽ ശ്രദ്ധ കൊടുക്കുന്നു. രാഷ്ട്രീയമാവട്ടെ സാമൂഹ്യ പ്രശ്നങ്ങളിൽ ആണ് കൂടുതൽ ശ്രദ്ധ .കൊടുക്കുന്നത്. ഇങ്ങനെയുള്ള സാമൂഹ്യ പ്രശ്നങ്ങൾ മനസ്സിന്റെ ആഭ്യന്തര പ്രശ്നങ്ങളായി പരിണമിക്കുമ്പോഴാണ് രാഷ്ട്രീയ മനഃശാസ്ത്രം അതിൻ്റെ റോൾ നിറവേറ്റുന്നത്.
ഏംഗൽസ് കുടുംബം ഒരു പുസ്തകമായി എഴുതുന്നത് അതൊരു രാഷ്ട്രീയ പ്രശ്നമായതുകൊണ്ടാണ്. സമൂഹത്തിലെ ഏറ്റവും മൗലികമായ മൈക്രോ സമ്പദ് വ്യവസ്ഥയാണ് കുടുംബം. അഥവാ ഫാമിലി.അതുകൊണ്ടു കുടുംബം ഒരു സ്വകാര്യതയല്ല .പൊതുവൽക്കരണത്തിന്റെ ആദ്യ പടിയാണ് . പൊതുവൽക്കരണവും സ്വകാര്യവൽക്കരണവും ആപേക്ഷികമായി കാണണം എന്ന് ഇവിടെ നമുക്ക് മനസിലാക്കാം.
സാമൂഹ്യമായ അസ്തിത്വം ആപേക്ഷികമായി വിശകലനം ചെയ്യാൻ പഠിക്കാത്തതുകൊണ്ടാണ് പൊട്ടൻ തോക്കുമെടുത്തു രണ്ടോ മൂന്നോ പേര് കാടുകളിൽ വിപ്ലവം നടത്താൻ ഒളിഞ്ഞിരിക്കുന്നത്. ഇതൊരു തരം പൊളിറ്റിക്കൽ ഫാന്റസി ആണ്. യാഥാർഥ്യത്തെ കാണാൻ കൂട്ടാക്കാത്ത മനസിന്റെ ഭ്രമാവസ്ഥ. വിശ്വാസത്തിന്റെ നിഷ്കളങ്കത്വം സാമൂഹ്യമായി പൊരുത്തപ്പെടാത്ത അവസ്ഥ.
ലോക ജനാധിപത്യം ഒരു നുണയാണെന്ന് ഇപ്പോൾ നമുക്ക് പലസ്തീനെ നോക്കിയെങ്കിലും പ റയാം. ഇതൊരു പുതിയ കണ്ടെത്തലൊന്നും അല്ല. ഈ നുണയുടെ വിശകലനമാണ് മാർക്സിസം നടത്തുന്നത്. കൂട്ടായ്മയുടെ സാമൂഹ്യ അസ്തിത്വം സാമൂഹ്യ ജീവി എന്ന നിലയിൽ എന്നും നമുക്ക് മുന്നിലുള്ള സമസ്യയായിരുന്നു. അതിനുള്ള നിർദ്ധാരണ വഴിയായാണ് ദർശനങ്ങൾ പലതും പിറന്നു വീണത്. രാഷ്ട്രീയം ജീവിത വിശകലന വഴിയാവുന്നത് അങ്ങിനെയാണ്. അങ്ങിനെ വരുമ്പോൾ രാഷ്ട്രീയം ജീവിതമാണ്. ജീവിത വഴിയാണ്. സാമൂഹ്യ ജീവിതത്തിലെ നീതി നിർവഹണ രീതിയാണ്.അധികാരത്തിന്റെ സ്വഭാവമാണ് രാഷ്ട്രീയത്തിന്റെ നിലയും നിലവാരവും നിശ്ചയിക്കുന്നത്. രാഷ്ട്രീയത്തിന് അതിൻ്റെ വർഗ്ഗ സ്വഭാവം കൂടി ഉപേക്ഷിക്കേണ്ടി വരുമ്പോൾ ആണ് കമ്മ്യൂണിസം തെളിഞ്ഞു വരുന്നത്.
അറിവിനും വിശ്വാസത്തിനും ഇടയിൽ ഒരു അന്തരം ഉണ്ട്. ഈ അന്തരം ഉണ്ടാക്കുന്ന അനിശ്ചിതത്വം ആണ് ഭക്തിയായി മാറുന്നത്. "കണ്ണ് തുറക്കാത്ത കളിമൺ പ്രതിമകൾ" ആണ് ദൈവങ്ങൾ എന്ന് അറിയാത്ത ആരും ഇല്ല .ഇതൊരു അറിവാണ്. ഇങ്ങനെ ഒരു അറിവിൽ നിന്നും വിശ്വാസത്തിലേക്കുള്ള അന്തരം ശൂന്യമാവാൻ അനുവദിക്കാത്ത പിടിവാശിയാണ് ഭക്തി. അതുകൊണ്ടു അർത്ഥമില്ലാത്ത കാത്തിരിപ്പിന്റെ സൗന്ദര്യമാണ് ഭക്തി. പക്ഷെ തിരിച്ചറിവിന്റെ പ്രതീക്ഷയാണ് രാഷ്ട്രീയം.. ഇങ്ങനെയുള്ള തിരിച്ചറിവിന്റെ വിഭാഗീകരണമാണ് രാഷ്ട്രീയത്തിൽ വൈരുദ്ധ്യം ഉണ്ടാക്കുന്നത്. തിരിച്ചറിവ് ആപേക്ഷികമായതുകൊണ്ടാണ് ഭരണ പക്ഷവും പ്രതിപക്ഷവും ഉണ്ടാവുന്നത്.
രാഷ്ട്രീയം ജീവിതം തന്നെയാണ്. ജീവിതത്തിന്റെ നിർവ്വഹണ നീതിയാണ്. രീതിയാണ്.ഏതു മാളത്തിൽ ഒളിച്ചാലും മനുഷ്യൻ സാമൂഹ്യ ജീവി തന്നെ. ജീവിതത്തിന്റെ സാമൂഹ്യ നിർവഹണത്തിന് അനിവാര്യമായ അറിവാണ് രാഷ്ട്രീയം. ഇങ്ങനെ വരുമ്പോൾ സാമൂഹ്യ സാഹചര്യത്തെ കാണാതെ രാഷ്ട്രീയം പ്രായോഗീകമാവില്ല എന്ന് കാണാം. മാർക്സിസം- ലെനിനിസം ഒരു പ്രായോഗീക രാഷ്ട്രീയ സമീപനമായാണ് സ്വീകരിക്കുന്നത്. അലസ രാഷ്ട്രീയം അരാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടിയാണ്. ഭക്തി രാഷ്ട്രീയത്തെ അലസമാക്കുന്നുണ്ട്.
വികസനത്തിന്റെ രാഷ്ട്രീയം ചൈനയുടെ വഴിയാവുന്നതു രാഷ്ട്രീയത്തിന്റെ ഈ പ്രായോഗീക സിദ്ധാന്തത്തെ ഉൾക്കൊണ്ട് കൊണ്ടാണ്. കേരളം മുന്നോട്ടു വെക്കുന്ന ബദൽ വ്യത്യസ്ത മായ രാഷ്ട്രീയമാണ്. രാഷ്ട്രീയം മാറ്റുരക്കുന്നത് ജനക്ഷേമത്തിലൂടെയാണ് .അതുകൊണ്ട് കേരളത്തിന്റെ വികസന മാതൃക ഒരു രാഷ്ട്രീയമാണ്..മുന്നോട്ടു പോവുമ്പോഴാണ് രാഷ്ട്രീയം ക്രീയാത്മകമാവുന്നതു. സിദ്ധാന്തങ്ങളിൽ നിന്ന് ജീവിതത്തെ നോക്കുമ്പോൾ ദാർശനിക ദുഃഖം ഉണ്ടായേക്കാം. പക്ഷെ ജീവിതത്തെ മാറ്റിവെക്കാൻ നമുക്കാവില്ല എന്നതും ഒരു രാഷ്ട്രീയമാണ്. അതുകൊണ്ടു നിലവിലുള്ള സാമൂഹ്യ നിയമങ്ങളുമായുള്ള ഒത്തു തീർപ്പാണ് പ്രായോഗിക രാഷ്ട്രീയം. സ്വാതന്ത്രം തന്നെ ഒത്തു തീർപ്പാണ്.(ACCOMODATION OF INTEREST).. ഇതാണ് രാഷ്ട്രീയത്തിലെ നയതന്ത്രം. ഒത്തു തീർപ്പിനെ സംസ്കാരം എന്നും രാഷ്ട്രീയം എന്നും പറയാം. പരസ്പരം സഹിക്കുന്നത് തന്നെ ആണ് മതസഹിഷ്ണുത. സംസ്കാരത്തിലെ ഒത്തു തീർപ്പ് ഇങ്ങനെയൊക്കെയാണ് കാണാൻ കഴിയുക. ഇത്തരം ഒത്തു തീർപ്പുകൾ ഇല്ലാതാവുമ്പോഴാണ് വിശ്വാസം വിഭാഗീയമാകുന്നത് .
ആദർശത്തിന്റെ മതിൽക്കെട്ടുകൾ ജന ജീവിതത്തെ നിരാകരിക്കുന്നെങ്കിൽ അവിടെ രാഷ്ട്രീയം ശൂന്യമാവും എന്ന് കാണണം. 1957 ലെ ആദ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട കമ്യുണിസ്റ് ഗവണ്മെന്റ് ജനജീവിതം ക ണ്ടുകൊണ്ടു രൂപീകൃതമായതാണ്.. അത് രാഷ്ട്രീയമാണ്. . കമ്മൂണിസം ഇല്ലെങ്കിലും രാഷ്ട്രീയം ഉണ്ടാവും പക്ഷെ രാഷ്ട്രീയമില്ലാതെ കമ്മ്യുണിസം ഉണ്ടാവില്ല. ജീവിക്കാൻ പഠിപ്പിക്കുന്നതാണ് രാഷ്ട്രീയം. വികസനത്തിന്റെ രാഷ്ട്രീയം പ്രസക്തമാവുന്നത് അതുകൊണ്ടാണ്.
ഇവിടെ കോർപ്പറേറ്റ് രാഷ്ട്രീയം സത്യമാണ്.. രാഷ്ട്രീയ സംരഭകത്വത്തിലെ ഏറ്റവും പ്രബലമായ അധ്യായമാണ് ഇവിടെ കോർപ്പറേറ്റ് പൊളിറ്റിക്സ്. അതുകൊണ്ടാണ് വിലകൊടുത്തു വാങ്ങാവുന്ന അധികാരമായി രാഷ്ട്രീയം പരിണമിച്ചത് , കൈവിടാതെ സൂക്ഷിക്കേണ്ട ചരക്കായി ജനപ്രതിനിധികൾ റിസോർട്ടുകളിൽ പൂട്ടിയിടപ്പെട്ടു. ഇത് രാഷ്ട്രീയ സംരഭകത്വത്തിൻ്റെ അതിദാരുണമായ മുഖമാണ്. രാഷ്ട്രീയം അധികാര തർക്കമായി അധഃപതിക്കുന്ന അവസ്ഥ ഇന്ത്യൻ ദുരവസ്ഥയാണ് .. രാഷ്ട്രീയം ആത്മനിഷ്ഠമായ അഭിനിവേശമായി തീരുന്നിടത്തു രാഷ്ട്രീയ വിവേകം ഉണ്ടാവില്ല. രാഷ്ട്രീയ വിവേകം ഇല്ല എന്നതാണ് കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥ.. വലിയ സ്ഥാനങ്ങളും ചെറിയ മനുഷ്യരും എന്ന അവസ്ഥ നിരുത്തരവാദപരമായ സംഘടനാ രീതിയാണ് . യോഗ്യതാ മാനദണ്ഡം അരാജകത്വത്തിന്റെ അഹന്തയായാൽ മൂല്യങ്ങൾ മൂലക്കരിക്കും..അധികാരം അഹന്തക്കുള്ള ഇരിപ്പിടമാവുമ്പോഴാണ് ഫാഷിസം തലപൊക്കുന്നത് . അങ്ങിനെയുള്ള ചരിത്രം നമ്മൾ കണ്ടു കഴിഞ്ഞതുമാണ് ..സാമ്രാജ്യത്വം സാമ്പത്തീക തീവ്രവാദമാണ് .അതുമായുള്ള ചങ്ങാത്തം പ്രതിലോമ മാവുന്നതു അതുകൊണ്ടാണ്.
ഇപ്രകാരം അപചയപ്പെട്ട സാമൂഹ്യ സാഹചര്യത്തിൽ അധികാരത്തിൻ്റെ ആർത്തിയായി രാഷ്ട്രീയം മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ആർത്തിയുടെ അഭിനിവേശമാണ് നുണ എന്നത് ഒരു രാഷ്ട്രീയ വിവരമാണ്. രാഷ്ട്രീയത്തെ യുക്തിയിൽ നിന്നും മാറ്റി നിർത്തുന്ന മനോഭാവം വളരുന്നത് ഈ സാഹചര്യത്തിൽ ആണ്. ഈ മനോഭാവം വംശീയമാവാം. വർഗീയമാവാം,ആശയപരമായ അവശത അനുഭവിക്കുന്ന സമൂഹത്തിനു ആദർശം തിരിച്ചറിയുക ദുഷ്കരമാണ്.. അതുകൊണ്ടാണ് "നമ്പർ വൺ" ആയ കേരള മോഡൽ ഇന്ത്യൻ ജനത സ്വീകരിക്കാതെ പോകുന്നത്..രാഷ്‌ടീയത്തിൻ്റെ പിതാമഹൻ അരിസ്റ്റോട്ടിൽ കണ്ടതുപോലെ നാം ഇന്നും രാഷ്ട്രീയ ജന്തുവായി തന്നെ ജീവിക്കുന്നു. കാരണം സാമൂഹ്യ യാഥാർഥ്യങ്ങളുമായി സംവദിച്ചുകൊണ്ടു മാത്രമേ ആർക്കും ജീവിക്കാൻ പറ്റൂ. ഇങ്ങനെയുള്ള സംവാദം തന്നെയാണ് രാഷ്ട്രീയം. സംവാദം തിരിച്ചറിവിനും തിരിച്ചറിവ് നിലപാടിനും വഴിയൊരുക്കും. ഇങ്ങനെയുള്ള നിലപാടിലൂടെയാണ് പ്രസ്ഥാനങ്ങൾ ഉണ്ടാവുന്നത്. അഥവാ പ്രസ്ഥാനം ഒരു നിലപാടാണ്. വഴി തെളിയിക്കുന്ന ശക്തി തന്നെ .
പൗരന്റെ ആസ്തിയും അവകാശവുമാണ് ഭരണഘടന. അതുകൊണ്ടു ഇതിന്റെ ഗുണഭോക്താവ് പൗരൻ തന്നെ. നോമിനേറ്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് ഭരണഘടനക്കു മേലെ പ്രത്യേക അവകാശമൊന്നും ഇല്ല. കാരണം ജനങ്ങൾ ആണ് ജനാധിപത്യത്തിന്റെ അധികാരികൾ . ജനങ്ങളുടെ അവകാശം ജനപ്രതിനിധി കളിൽ എന്നതാണ് കേന്ദ്രീകൃത ജനാധിപത്യ തത്വം. ഉദ്യഗസ്ഥരിൽ അല്ല. രാഷ്ട്രവും രാഷ്ട്രീയവും തമ്മിലുള്ള വ്യവഹാരത്തെ സുതാര്യമായി കണ്ടു കൊണ്ടേ ജനാധിപത്യം നിലനിൽക്കൂ. ഫെഡറലിസം അടിമ -ഉടമ ബന്ധങ്ങളുടെ ഇടപാടല്ല .ചേർന്നും ചേർത്ത് വെച്ചും കൊടുത്തും വാങ്ങിയും മുന്നോട്ടു പോവുന്ന ബഹുമുഖ സ്വഭാവത്തിന്റെ ഏകമുഖ രാഷ്ട്രീയ സ്വത്വമാണ് (യൂണിഫൈഡ് പൊളിറ്റിക്കൽ entity ) ആണ് ഫെഡറലിസം.
രാഷ്ട്രീയത്തിന്റെ അധികാരി ആരാണ് എന്നത് മുഖ്യമായ ഒരു ചോദ്യമാണ്. അത് സാമ്രാജ്വത്വമാവുമ്പോൾ കീഴാള രാജ്യങ്ങൾ പെരുകിവരും . ഡിപ്ലോമസി എന്ന പേരിൽ ഒത്തു തീർപ്പു ശൈലികൾ ഉണ്ടാവുന്നത് ഈ അവസ്ഥയിൽ ആണ് . 'ഒത്തുതീർപ്പ് ' എന്നത്. ഭീഷണിയുടെ അലങ്കാര ഭാഷയാണ്. നിലനിൽപ്പിന്റെ നിലപാടാണ് .
അന്യവൽക്കരണവും അവഗണയും ഫെഡറലിസത്തിനു വിരുദ്ധമാണ്. അവഗണയുടെ രാഷ്ട്രീയ നിലപാട് അന്യവൽക്കരണത്തിലേക്കാണ് കാര്യങ്ങൾ നീക്കുക. അർഹിക്കുന്ന ആനുകൂല്യങ്ങൾ നൽകിയാൽ വികസനത്തിന്റെ ഉദാത്ത മാതൃകയായി കേരളം ഉയർന്നു നിൽക്കും. ഈ മാതൃക ഇന്ത്യ ആകെ സ്വീകരിച്ചാൽ ഉണ്ടാവുന്ന രാഷ്ട്രീയ മാറ്റം പലരിലും ഭയപ്പാട് ഉണ്ടാക്കിയിട്ടുണ്ട്. വികസനത്തെ ഭയപ്പെടുന്ന പ്രതിലോമ രാഷ്ട്രീയം നമുക്കിവിടെ കാണാം. അധികാര രാഷ്ട്രീയത്തിന്റെ ആർത്തിയിൽ രാഷ്ട്രീയത്തിന്റെ സാമൂഹ്യ ധർമ്മത്തെ തള്ളിപ്പറയുന്ന സമീപനം ബൂർഷ്വാസിക്ക് പഥ്യം തന്നെ. അവർക്കതിന് പ്രത്യയശാസ്ത്ര പരമായ നീതീകരണമുണ്ട്. മോഷ്ടാവിന്റെ ധർമ്മവും കർമ്മവും മോഷണമാവുന്നതുപോലെയാണ് അത്. അതുകൊണ്ടു വികസനത്തെ തടയുന്നു എന്ന് ചർച്ചക്കിരുന്നുകൊണ്ടു ഒച്ചവെക്കേണ്ടതില്ല. കാരണം അവർക്കു അവരുടെ പ്രത്യയശാസ്ത്ര ദൗത്യം നിറവേറ്റിയെ പറ്റൂ. അത് സാമൂഹ്യവും സ്വകാര്യവുമായ വൈരുധ്യത്തിന്റെ സ്വാഭാവികമായ ഏറ്റുമുട്ടൽ ആണ്..
രാഷ്ട്രീയ പരിജ്ഞാനവും(political knowledge) രാഷ്ട്രീയ ശേഷിയും (political skill) തമ്മിലുള്ള വലിയ അന്തരമാണ് പുരോഗമന രാഷ്ട്രീയത്തിലെ മുഖ്യമായ ഒരു സമസ്യ.
"മതേതരം" എന്നത് ഇവിടെ അത്ര നിഷ്കളങ്കമായ വാക്കല്ല. ആരുടെ കയ്യിലും നിസ്സഹായതയോടെ നിൽക്കേണ്ടിവരിക എന്ന ദുരവസ്ഥയാണ് "മതേതരത്വത്തിന് " ഉള്ളത്. സ്യുഡോ സെക്യൂരലിസം ഇന്ത്യൻ ദശീയതയുടെ പ്രതിസന്ധിയായി മാറിയിട്ടുണ്ട്. ഇന്ത്യൻ ദേശീയതയെ മതത്തിന്റെ മേൽക്കൈ വല്ലാതെ ഭയപ്പെടുത്തുന്നുമുണ്ട്. മത പ്രീണനം രാഷ്ട്രീയത്തിലെ അനിവാര്യമായ നിലപാടായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യൻ രാഷ്ട്രീയം വരൾച്ചയിലാണ് . ഇത് രാഷ്ട്രീയത്തിന് ആത്മീയത നഷ്ടപ്പെട്ട അവസ്ഥയാണ്. ഈ അവസ്ഥയിലാണ് രാഷ്ട്രീയം ആർത്തിയായി മാറുന്നത്. കോർപ്പറേറ്റ് രാഷ്ട്രീയം ഈ ആർത്തിയുടെ ഉൽപ്പന്നമാണ്. രാഷ്ട്രീയ സംരംഭകത്വത്തിലെ വേറിട്ട കൗശലമായി മോഡി അധികാരത്തിൽ വരുന്നത് ഈ നിലപാടിലൂടെയാണ്. അധികാരത്തിന്റെ അവിഹിത ചിന്തകളിൽ രാഷ്ട്രീയം സുരക്ഷിതമാവില്ല. ലോക രാഷ്ട്രീയമോ ഇന്ത്യൻ രാഷ്ട്രീയമോ ഇന്ന് ഒട്ടും സുരക്ഷിതമല്ല. ഇന്ത്യൻ രാഷ്‌ടീയം അരക്ഷിതാവസ്ഥയിൽ ആണ് എന്ന് കാണാതിരുന്നുകൂടാ. നിലപാടുകൾ നിശ്ശബ്ദമായിപ്പോവുന്നത് ഇങ്ങനെയുള്ള അരക്ഷിതാവസ്ഥയിൽ ആണ്. നിക്ഷ്പക്ഷതയുടെ ഈ മഹാ മൗനം ആർജ്ജവം ചോർന്നുപോയ രാഷ്ട്രീയ നിലയാണ് കാണിക്കുന്നത്.