സംഘടനാ സിദ്ധാന്തങ്ങളുടെ മനഃശാസ്ത്ര മാനങ്ങൾ.
***
അവകാശ ബോധത്തിന്റെ ആദ്യത്തെ ആശയമാണ് സംഘടന. സാമൂഹ്യ മനസ്സിൻറെ ഉൽപ്പത്തി അവിടെയാണ്. പൊതു ബോധത്തെ അംഗീകരിക്കാനുള്ള പ്രൈമറി പാഠങ്ങൾ അവിടെ നിന്നുമാണ് ലഭിക്കുന്നത്. ലക്ഷ്യ പ്രാപ്തിക്കുള്ള കൂട്ടുത്തരവാദിത്തമാണ് സംഘടന. അതൊരു അധികാര ഘടന കൂടിയാണ്. അത് അധികാരത്തിന്റെ സമ ഭാവന അല്ല മറിച്ച് അധികാര ശ്രേണിയാണ്. (hierarchy of authority ). Span of control അഥവാ അധികാരത്തിന്റെ വ്യാപ്തി ആണ് അഹന്തയുടെ ആഴം അടയാളപ്പെടുത്തുക .അതുകൊണ്ട് മന്ത്രിയും മുഖ്യ മന്ത്രിയും പ്രധാന മന്ത്രിയും ഒക്കെ ഇങ്ങനെയുള്ള വ്യത്യസ്ഥമായ ആഴങ്ങളിൽ നീന്തി രസിക്കുന്നവരാണ്. ജില്ലാ പ്രസിഡന്റും സംസ്ഥാന അധ്യക്ഷനും ദേശീയ അധ്യക്ഷനും ഒക്കെ അഹന്തയുടെ സുഖ വ്യായാമത്തിൽ ആര്മാദിക്കുന്നവരാണ് . അധികാരം ഒരു സാമൂഹ്യ സുഖമാണ്. സംഘടന എന്നത് അതിൻ്റെ ഉപാധിയാണ്. അന്യവൽക്കരണത്തെ ഭയപ്പെടുന്ന മനുഷ്യൻ ഏതെങ്കിലും കൂട്ടായ്മകളോട് ചേർന്നു നിന്നു തന്റെ സാമൂഹ്യ അസ്തിത്വം ഉറപ്പിക്കാൻ നോക്കുന്നുണ്ട് .വിശ്വാസത്തിനു ഇടനിലക്കാരും മേലധികാരികളും ഉണ്ടാവുമ്പോൾ ആത്മീയത ചോർന്നു തീരും .വിലങ്ങുവെച്ച വിശ്വാസമാണ് മതം. പ്രവാചകൻ എന്നത് ഇല്ലാത്ത അധികാരത്തിന്റെ അവകാശവാദമാണ്.
ഒരു സമൂഹം എന്നത് നിശ്ചിത സിദ്ധാന്തത്തിൽ നിർദ്ധരിക്കാവുന്ന ഒരു അവസ്ഥയല്ല. മറിച്ചു സമഗ്രതയുടെ വിശാലമായ ഇടമാണ്. ബഹുമുഖ ബുദ്ധി കൊണ്ട് സമീപിക്കേണ്ട സാമൂഹ്യാവസ്ഥയാണ്. അവിടെ വിശ്വാസവും അന്ധ വിശ്വാസവും ഉണ്ട്. ഭക്തി വാദവും യുക്തിവാദവും ഉണ്ട്. വിവരവും വിവരക്കേടും ഉണ്ട്. മതമുണ്ട്. മത്സരമുണ്ട്. രാഷ്ട്രീയമുണ്ട്, യുദ്ധമുണ്ട്. നിലനിൽപ്പിനായുള്ള പോരാട്ടമുണ്ട്. നിലവിളിയുണ്ട്. അടിമയുണ്ട് ഉടമയുണ്ട്. കേവല ബുദ്ധിയുടെ വിശകലനനം കൊണ്ട് ഇങ്ങനെയുള്ള സാമൂഹ്യാ വസ്ഥയെ സമീപിക്കാനാവില്ല. സംഘടനയുടെ പ്രത്യയ ശാസ്ത്ര ചട്ടക്കൂട്ടിൽ മസിൽ പിടിച്ചു നിന്നാൽ സാമൂഹ്യ മായി നില നിൽക്കാൻ കഴിയുകയുമില്ല.
ജനങ്ങളുടെ ജീവിത രീതിയെ അഭിമുഖീകരിക്കാതെ ഒരു രാഷ്ട്രീയവും നിലനിൽക്കില്ല. അതായത് സാമൂഹ്യ സ്വഭാവത്തെ ഉൾക്കൊള്ളാതെ യുള്ള ഒരു രാഷ്ട്രീയ നയവും ഫലം കാണില്ല. അതുകൊണ്ട് ആഗോള അയ്യപ്പ സംഗമം നീതികരിക്കപ്പെടുന്നുണ്ട്. വിശ്വാസത്തിന്റെ ജനകീയ ഉത്സവങ്ങളെ അവഗണിച്ചുകൊണ്ട് സാമൂഹ്യ നീതി നടപ്പാക്കാൻ ഒരു ഗവണ്മെന്റ് നു പ്രായോഗീക ബുദ്ധിമുട്ടുണ്ടാവും . ചേർന്ന് നിൽക്കുന്നതും ചേർത്ത് പിടിക്കുന്നതും ആണ് രാഷ്ട്രീയ ബുദ്ധി. അന്യ വൽക്കരണ നയങ്ങൾ രാഷ്ട്രീയമായ വിവരക്കേടാണ്. സംസ്കാരത്തിന്റെ പൊതു സ്വഭാവത്തെ കാണാതെ സാമൂഹ്യമായ നിലപാട് സ്വീകരിക്കനാവില്ല.
സംഘടനയുടെ പൊതു ലക്ഷ്യത്തിൽ ഒരു സ്വകാര്യ ലക്‌ഷ്യം കൂടിയുണ്ട് എന്ന് കാണണം. അത് ഓരോരാളുടെയും സ്വകാര്യതയാണ്. സംഘടന നിരന്തരം എടുക്കുന്ന തീരുമാനങ്ങളിൽ ഈ സ്വകാര്യത വല്ലാതെ ഇടപെടുന്നുണ്ട്. അതുകൊണ്ട് തീരുമാനം എന്നത് (decision making ) പലപ്പോഴും നേതാവിൻ്റെ സ്വകാര്യ ഇഷ്ടമായി വരുന്നു . അങ്ങിനെ വിരട്ടൽ നേതാവിൻ്റെ അലിഖിത അവകാശമായി എന്നും നിലനിൽക്കുന്നു. നേതാവിന് അനിഷ്ടമായത് പറഞ്ഞു സ്വന്തം നില ഇല്ലാതാക്കാൻ സംഘടനാ അംഗങ്ങൾ സാധാരണ ധൈര്യം കാണിക്കാറില്ല. കാരണം സംഘടന സ്വയം ഒരു അധികാര കേന്ദ്രമായി പ്രവർത്തിക്കുന്നു. അധികാരത്തിന്റെ സാമൂഹ്യ സുഖത്തെ അവഗണിക്കുക സാധാരണക്കാരന് അസാധ്യമായ കാര്യമാണ്. .അപചയപ്പെട്ടു കിടക്കുന്ന സമൂഹത്തെ സംസ്കാരം കൊണ്ട് ശുചീകരിക്കാൻ സംഘടന നിരന്തരം ശ്രമിക്കുന്നത് കാണാം. പക്ഷെ തീരുമാനത്തിലെ സ്വകാര്യത സ്വയം പരിശോധിക്കാതെ സംഘടനക്ക് മേൽ അടിച്ചേൽപ്പിക്കുന്ന രീതി ചോദ്യം ചെയ്യപ്പെടാതെ പോകുന്നു. ഇത് രാഷ്ട്രീയ സംരഭകത്വത്തിലെ സാമാന്യ നീതിയാണ്. . സാംഗത്യമില്ലാത്ത തീരുമാനങ്ങൾ അധികാരത്തിന്റെ യാന്ത്രീകത കൊണ്ട് അടിച്ചേൽപ്പിക്കുമ്പോൾ സംഘടനക്ക് അനിവാര്യമായ ജനകീയത ക്ഷയിച്ചു കൊണ്ടേ യിരിക്കും. വെറുപ്പ് എന്നത് ചോദ്യം ചെയ്യാനാവാത്ത ഒരു സ്വകാര്യ അവകാശമാണ് എന്നത് ബാലറ്റിലൂടെ ആണ് നമ്മൾ മനസ്സിലാക്കുക.
കാഴ്ചക്കപ്പുറമുള്ള കാഴ്ചപ്പാടുണ്ടാവുക എന്നതാണ് നേതാവിൻ്റെ ഗുണം. അങ്ങനെവരുമ്പോൾ പാർശ്വ വർത്തികളെ മാറ്റിനിർത്താൻ കഴിഞ്ഞേക്കും.സംഘടനയെ സ്നേഹിക്കുന്നതിനു പകരം നേതാവിനെ "സ്നേഹിക്കുക" എന്നതിന്റെ രാഷ്ട്രീയ രസതന്ത്രം സാമാന്യമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു എന്നത് കാലത്തിന്റെ കാഴ്ചയാണ്.
നയവും പരിപാടിയും ഉണ്ടാവുന്നത്. പദ്ധതി നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കുവാനാണ്. സംഘടനാ തത്വങ്ങളിലെ(principles of organisation ) ഏറ്റവും പ്രധാനപ്പെട്ട ആസൂത്രണത്തിൽ നിന്നുമാണ് നയവും പരിപാടിയും ഉണ്ടാക്കുന്നത്. . സംഘടന ഒരു സോഷ്യൽ പ്രൊജക്റ്റ് ആണ് എന്നും മുന്നോട്ടു വെക്കുന്നത് എന്നും ഓർമ്മിക്കണം . . സോഷ്യൽ പ്രോജക്റ്റ് ആയത് കൊണ്ട് തന്നെ അതിനു സോഷ്യൽ viability അതായത് സാമൂഹ്യമായ വിജയ സാധ്യത ഉണ്ടായിരിക്കണം. അതിനു സാമൂഹ്യമായ സ്വീകാര്യത ഉറപ്പാക്കണം. ഇവിടെ വിശ്വാസം ഭൂരിപക്ഷത്തിന്റെ വികാരമാണ് . ലോകത്തു എവിടെയും അങ്ങിനെത്തന്നെയാണ്. കേവല യുക്തി കൊണ്ട് അതിനെ വെല്ലുവിളിക്കുന്നത് രാഷ്ട്രീയമായി നില നിൽക്കില്ല. ഭയത്തിന്റെ മഹാ കവച ത്തിൽ മറഞ്ഞിരിക്കുന്ന മനുഷ്യനെ കേവല യുക്തിയുടെ രാഷ്ട്രീയ നിലപാടിൽ നില നിർത്താൻ ആവില്ല. യുക്തി സത്യാന്വേഷണമാണ് . വിശ്വാസം ഭാവനയിൽ വളർത്തുന്ന വികാരമാണ്. അത് ആത്മനിഷ്ഠമായ ആലോചനയുടെ അവകാശവാദമാണ്. സ്വകാര്യതയുടെ സാമൂഹ്യ വാദമാണ്.
സമൂഹത്തിലെ അപചയങ്ങളിലെ പരിച്ഛേദമാണ് സംഘടനയുടെ പിളർപ്പ് . അല്ലെങ്കിൽ സംഘടനാ തർക്കങ്ങൾ... സംഘടന തർക്കിച്ചു പിളരുന്നത് ആദർശ പരമാണ് എന്നു പറയുന്നത് പലപ്പോഴും ശരിയല്ല. സംഘടന ഒരു അധികാര കേന്ദ്രമാണ്. വ്യക്തി നിഷ്ഠമായ നിലപാട് കൊണ്ട് അത് അഹന്തയായി മാറുന്നു. ബ്യുറോക്രസി ദുഷിച്ചു നാറുന്നത് അങ്ങിനെയാണ്. പിളരുംതോറും വളരുന്നു എന്ന് സിദ്ധാന്തിക്കുന്നത് അതുകൊണ്ടാണ്.. ബ്യൂറോക്രസിയിൽ നിന്നും രാഷ്ട്രീയത്തിലേക്കുള്ള കൂടുമാറ്റം എളുപ്പമാണ്. അതുകൊണ്ടാണ് ജഡ്ജ് മാരും സിവിൽ സെർവെൻസും പെൻഷൻ പറ്റുന്നതോടെ രാഷ്ട്രീയത്തിൽ ചേക്കേറുന്നത് . ഇത് അധികാരത്തിന്റെ ഒരു പ്രശ്നമാണ് ഒരിടത്ത് കൈവിട്ട അധികാരം മറ്റൊരിടത്ത് എത്തി പിടിക്കാനുള്ള വഴി.
സാംഗത്യമില്ലാത്ത തീരുമാനങ്ങൾ കൊണ്ട് ഒരു സംഘടന ദുർബല മാണെന്നോ നിക്ഷിപ്ത തീരുമാനങ്ങളുടെ സംഘമാണെന്നോ വരുന്നു. അനാശാസ്യത സ്വകാര്യമായി ആസ്വദിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഇവിടെ സംഘടനയിൽ ഉണ്ടാവുന്നത് അതുകൊണ്ടാണ്. കഴിവുള്ളവനെ കാണാതി ക്കുകയും കഴിവ് കെട്ടവനെ കെട്ടി എഴുന്നള്ളിക്കുകയും ചെയ്യുന്ന സംഘടനാ വൈകൃതം ഒരു ജാധിപത്യ ദുരന്തം തന്നെ ആണ്.. .നിലപാടിലെ നിശബ്ദ ത അടയാള പ്പെടുത്തുന്നത് കാപട്യമാണ് .ഇവിടെ നിസ്സംഗത നിഷ്കളങ്ക മോ നിസ്വാർഥ മോ അല്ല.. തീരുമാനങ്ങൾ കൊണ്ട് അപചയപ്പെടുന്ന സംഘടന ലക്ഷ്യം കൊണ്ട് നിരർഥകമാവുക തന്നെ ചെയ്യും. . ബോധപൂർവ്വം "അബദ്ധങ്ങൾ " പറയുക വിഭാഗീയതയുടെ ഭാഷയാണ് . ശത്രു പക്ഷത്തിനു ആയുധം കൊടുക്കുന്ന ഒറ്റു രാഷ്ട്രീയത്തിന്റെ വഴിയാണ് ഇത്. ഇത് വിവരക്കേ ടായി വായിക്കും എന്ന് "അബദ്ധം " പറഞ്ഞവന് അറിയാം എന്നതാണ് ഇതിലെ രാഷ്ട്രീയം.
അഹന്തയുടെ ആജ്ഞാപനം അച്ചടക്ക മുള്ള കേഡർ സ്വഭാവമായി വ്യാഖ്യാനിച്ചു വിഷമിക്കേണ്ടതില്ല . എലെക്ഷൻ സമയത്തുള്ള മെയ് വഴക്കം അധികാരത്തിലെത്തുന്നതോടെ മസിൽ പിടുത്തം ആയി മാറുന്നു .
സംഘടനക്കകത്തു നിക്ഷിപ്ത താത്‌പര്യങ്ങൾ വളർന്നു വരിക സ്വാഭാവികം ആണ്. ജനാധിപത്യ നിലപാടുകൾ കൊണ്ട് അത്തരം പ്രതിലോമ സ്വാഭാവത്തെ പ്രതിരോധിക്കുക എന്നതാണ് സാധ്യമായിട്ടുള്ളത്. അതുകൊണ്ടു വിഭാഗീയത (informal group ) സത്യമാണ് . അതിനുള്ള പ്രതിരോധത്തിലാണ് കാര്യം. വിഭാഗീയത സംഘടനയിലെ സമ്മർദ്ദ സമീപനമാണ്.. നുണ ജനാധിപത്യത്തിലെ സത്യമാണെന്ന് അംഗീകരിച്ചു പ്രവർത്തിക്കുന്ന സംഘടനകൾ എവിടെയും കാണാം അതുകൊണ്ടു ക്രെഡിബിലിറ്റി എന്നത് സമൂഹത്തിന്റെ പൊതു സ്വീകാര്യതയല്ല എന്നു വരുന്നു. മറിച്ചു കമ്മിറ്റികൾ യാന്ത്രീകമായി എടുക്കുന്ന തീരുമാനങ്ങളുടെ സാക്ഷ്യ പ്പെടുത്തൽ മാത്രമാണ്. വാഴ്ത്തുപാട്ടുകൾ കൊണ്ട് വളർച്ചയുടെ വഴികൾ സുഗമ മാക്കുന്ന നയതന്ത്ര ശീലം സംഘടനക്കകത്തു വളർന്നു വരുന്നത് അങ്ങിനെയാണ്.