നുണച്ചി.
*********
നുണച്ചി ശാന്തയെ അറിയാത്തവർ ഇവിടെ ആരും ഇല്ല. ഓരോ ദിവസവും ശാന്ത നെയ്‌തെടുക്കുന്ന നുണക്കഥകൾ അത്രമാത്രം അധികമാണ്. നുണച്ചി എന്ന് എല്ലാരും പറയുമെങ്കിലും ശാന്തയുമായി സ്വകാര്യം പങ്കു വെക്കാത്ത പെണ്ണുങ്ങൾ നമ്മുടെ നാട്ടിൽ ഇല്ല. നുണയന്മാരായ ആണുങ്ങളും യഥേഷ്ടം സുഹൃത്തുക്കൾ ആയുണ്ട് ശാന്തക്ക്.
നാട്ടിൽ നടക്കുന്ന ഏതൊരു അവിഹിതത്തിന്റെയും ആദ്യ വിവരം ശാന്തയാണ് പുറത്തു വിടുക. എല്ലാവര്ക്കും ശാന്തയെ വേണം. ശാന്തയുടെ കഥയില്ലാതെ ഇവിടുത്തു കാർക്ക് ഒരു ഉഷാറും ഇല്ല.
ഈയിടെയാണ് ശിവൻമാഷ് ട്രാൻസ്ഫർ ആയി നമ്മുടെ സ്‌കൂളിലേക്ക് വന്നത്. താമസം ശാന്തയുടെ അയല്പക്കത്ത്..വന്ന ദിവസം തന്നെ മാഷ്ക്ക് ശാന്തയെക്കുറിച്ചു മുന്നറിയിപ്പ് കിട്ടി....ഭയങ്കരം നുണച്ചിയാണ് ..മാഷ് ശ്രദ്ധിക്കണം....സൽബുദ്ധികളുടെ ഉപദേശം. മാഷെ കണ്ടവരൊക്കെ ഈ നുണച്ചിയെ കുറിച്ച് ഓർമ്മപ്പെടുത്താൻ മറന്നില്ല.
നല്ലതു ഉപദേശിച്ച നാട്ടുകാരോട് മാഷ്‌ക്കും സ്നേഹം.
മാഷ് സ്‌കൂളിൽ പോയാൽ പിന്നെ ഭാര്യക്ക് കൂട്ട് നുണച്ചി ശാന്ത തന്നെ..
ശാന്ത തൻ്റെ ഓരോ കഥകൾ പുതിയ കൂട്ടുകാരിയുമായി പങ്കിട്ടു. കഥകൾ എഡിറ്റ് ചെയ്തു കൂട്ടി ചേർത്തു മാഷുടെ ഭാര്യയെ ശാന്ത ഇക്കിളി കൊള്ളിച്ചു കൊണ്ടേ യിരുന്നു.
കേട്ട കഥകൾ ആരോടെങ്കിലും പറയുക ഒരു ശീല മാണല്ലോ ..അങ്ങനെയാണല്ലോ നാട്ടിൽ കഥകൾ നിറയുന്നത്. കഥയില്ലാത്ത നാട് എന്തിന് കൊള്ളാം.
രാത്രി ഉറങ്ങാൻ നേരത്ത് ശാന്തയുടെ കഥകൾ ഓരോന്നായി മാഷും കേട്ട് തുടങ്ങി.
അങ്ങിനെ മാഷും നുണച്ചി ശാന്തയുടെ ആരാധകനായി. കഥകൾ ഇല്ലാത്ത രാത്രി വല്ലാത്ത വരൾച്ച തോന്നി . മാഷിനും ഭാര്യക്കും.
ഈ സമയത്താണ് മാഷുടെ സ്‌കൂളിൽ ഒരു കഥാ കാമ്പ് നടത്താൻ തീരുമാനിച്ചത്.
കഥയില്ലാത്ത ഒരു രാത്രി മാഷ് ഭാര്യയോടായി പറഞ്ഞു. ശാന്തയെ നമ്മൾക്ക് കഥാ കേമ്പിൽ പങ്കെടുപ്പിച്ചാലോ...
ഹ..ഹ... ഭാര്യ പൊട്ടി ചരിച്ചു....നല്ല കഥ...നുണച്ചി ശാന്തയേയോ? ഭാര്യയുടെ ചോദ്യം.
പാതി വെന്ത നുണയല്ലേ കഥകൾ എല്ലാം? മാഷിന്റെ സംശയം...
മാത്രമല്ല ഫോൾക്‌ലോറിലേ തനതു ശൈലിക്കും വികാരത്തിനും വെയിറ്റേജ് മാർക്ക് കിട്ടാതിരിക്കില്ല.
എന്തായാലും അവൾ വരട്ടെ....പറഞ്ഞു തീർക്കുന്ന നുണകൾക്കു പതിയി രിക്കുവാൻ ഒര് ഇടമുണ്ടാവട്ടെ...
സ്‌കൂളിൽ പോകാൻ പുറപ്പെടുമ്പോൾ നുണച്ചി ശാന്തയോട് മാഷ് പറഞ്ഞു.
ഞായറാഴ്ച സ്‌കൂളിൽ ഒരു കഥാ കേമ്പ് ഉണ്ട്. ശാന്ത വരണം...ഭാര്യയുടെ കൂടെ വന്നാൽ മതി...മനസ്സിൽ വരുന്നത് ചുമ്മാ എഴുതി വെച്ചാൽ മതി...
നുണ പത്രത്തിൽ വന്നാൽ അത് കഥയാവും..പറഞ്ഞു തീർത്താൽ അത് അപവാദവും.---മാഷ് സ്വയം പറഞ്ഞു....
ഒരു പക്ഷെ നുണയുടെ സർഗ്ഗാത്മക വഴി തന്നെയല്ലേ കഥ.. മാഷുടെ സാഹിത്യ ചിന്തകൾ കാടുകയറി.
അങ്ങനെ നുണച്ചി ശാന്ത ആദ്യത്തെ കഥ എഴുതി....''പെരുച്ചാഴി '' ചുണ്ടനെലികൾ നമിച്ചു നിൽക്കുന്ന സാമൂഹ്യ അധികാരി..പെരുച്ചാഴി.
പൊതു സ്വീകാര്യനായ പെരുച്ചാഴിയുടെ വിജയ രഹസ്യം.
രാഷ്ട്രീയ തന്ത്രന്ജ്ഞത.
മധ്യസ്ഥ വഴിയുടെ സാംസ്കാരിക നയങ്ങൾ.
.ആരാധികമാരുടെ ആവേശത്തിൻ്റെ ഉള്ളറകൾ...
പഞ്ചായത്ത് പ്രസിഡന്റിന്റെ പദവിയിൽ എത്തിയ വഴികൾ......
പെരുച്ചാഴിയാണ് താരം.
ഇന്ന് രാത്രി ആദ്യമായി മാഷ് ഭാര്യയോട് കഥ പറഞ്ഞു. പെരുച്ചാഴിയുടെ കഥ.
കഥ കേട്ടുറങ്ങിയ മാഷുടെ ഭാര്യ സുന്ദരനായ പെരുച്ചാഴിയെ സ്വപ്നം കണ്ടു.
ദിവസങ്ങളുടെ വിശ്രമം..കഥ എഴുതിയ ശാന്തക്കും കഥ വായിച്ച മാഷിനും.
പുതിയ ലക്കം വാരികയുമായി മാഷു വന്നപ്പോൾ....രാഷ്ട്രീയം എന്ന രഹസ്യത്തെ അനാവരണം ചെയ്യാൻ ഒരു കഥയുമുണ്ടായിരുന്നു..അതിൽ...
നുണച്ചി ശാന്തയുടെ ''പെരുച്ചാഴി ''....
******
ഒ .വി. ശ്രീനിവാസൻ.
