chela chuttiya pralayam..katha...



ചേല  ചുറ്റിയ പ്രളയം

*********************
    കയ്യിൽ  കരുതിയ ചെറിയ സഞ്ചിയുമായി അയാൾ  ഓടി. തിരമാലകളോട് മത്സരിച്ചു ജയിക്കാൻ മാത്രം ആർത്തിയുണ്ടായിരുന്നു അയാൾക്ക്  .
*****

കൂടെ ചേർന്നവർ ആരെന്നോ  വിളിച്ചു കൂവുന്നത് എന്തെന്നോ  അയാൾ അറിഞ്ഞില്ല.ഒരു മത്സരാർത്ഥിയുടെ  ഏകാഗ്രതയോടെ അയാൾ ഓടുകയാണ്...കയ്യിൽ സഞ്ചിയുമായി...ഒരു ഉയർന്ന കെട്ടിടം നോക്കി...
*****

കുറെ പേർ  കയറിക്കൂടിയ  കെട്ടിടത്തിലേക്ക്  ദ്വാരകയിലേക്കെന്നപോലെ അയാളും  ഓടി കയറി. മത്സരിച്ചു തോൽപ്പിക്കുവാൻ പിന്നാലെ വന്ന തിരമാലകളും ഉണ്ടായിരുന്നു. അത് ദ്വാരകയിലേക്കു ഇരമ്പി ക്കയറുകയാണ് .ഒരു  ബാലാത്സംഘ വീരന്റെ  അന്ധതയോടെ  അത് സ്ത്രീകളെ ലക്‌ഷ്യം വെക്കുന്നതായി തോന്നി..
*****

പെണ്ണുങ്ങളെ  ഓരോരാളായി  ഉയരങ്ങളിലേക്ക്  കയറ്റിവിട്ടു..ഉയരങ്ങളിലാണ്  വിജയം എന്നത്  ആദ്യമായി  അറിഞ്ഞത് ഇപ്പോൾ മാത്രമാണ്..
*****

അവസാനം ആണുങ്ങൾക്കും  ഉയരങ്ങളിൽ  പ്രവേശനം  കിട്ടിത്തുടങ്ങി...ഉയർന്നുയർന്നു വരുന്ന വള്ളം ....ഉയിരെടുക്കാൻ  വരുന്ന വെള്ളം  കണ്ടു  നമ്മൾ  ഉയരത്തിനായി  ഒച്ചവെച്ചു..
*****

ജീവന് വേണ്ടി  ഒച്ചവെച്ചതല്ലാതെ  ആർക്കും പ്രാർത്ഥിക്കാൻ  സമയ മുണ്ടായിരുന്നില്ല..
*****

സമയത്തിലും  സൗകര്യത്തിലും  സാവകാശത്തിലും  ചെയ്യേണ്ടതാണ്  പ്രാർത്ഥന  എന്നും  മരണത്തിനു മുന്നിൽ പ്രാർത്ഥനക്കു  കാര്യമൊന്നുമില്ല  എന്നും അറിഞ്ഞ  ഒരു നിമിഷം.....
*****

ആയിരം പേർ  ഒന്നിച്ചു കുടിച്ചാൽ  വെള്ളം  താഴുമോ എന്ന് ചിന്തിച്ചുപോയ  നിമിഷം...
*****
നമ്മുടെ കെട്ടിടം  മുല്ലപ്പെരിയാറിന്റെ  ജലനിരപ്പ് പോലെ ആയി..അത് ഉയർന്നുയർന്നു  വന്നപ്പോൾ നമ്മൾ  വിനയപൂർവം  താഴ്ന്നുപോയി...
*****

കയ്യിലെ സഞ്ചി ഉയർത്തി പിടിച്ചു കീഴടങ്ങാതിരിക്കാൻ  ഞാൻ പരമാവധി ശ്രമിച്ചു...ആകാശത്തു ഒച്ച വെച്ച ഹെലികോപ്റ്ററുകൾ ആളറിയാതെ  അകന്നുപോയി...
*****

തിരമാലകൾ അവസാന ഭാഗവും  വിഴുങ്ങി തീർക്കുമ്പോൾ  കയ്യിൽ കരുതിയ സഞ്ചി ഒഴുകിപോയി...
*****
സഞ്ചിയിൽ നിന്നും പുറത്തേക്കു വന്ന  പട്ടുചേല  പ്രളയത്തെ പുതച്ചു സുമംഗലിയായി..

*********
ഒ .വി. ശ്രീനിവാസൻ..







Previous
Next Post »