പ്രേതങ്ങളുടെ ദാർശനിക പ്രതിസന്ധികൾ
**************
വിശ്വാസമില്ലാത്തവന്റെ വിശ്വാസമാണ് ദർശനങ്ങൾ .അത് ആരോപണങ്ങൾക്ക് അടിയറവ് പറയുന്ന അടിമത്വമാണ്.
പിരിയുന്നതിനു മുമ്പ് ആരും മനസ്സ് തുറന്നിട്ടില്ല. തുറക്കാൻ പറ്റില്ല. ചട്ടക്കൂടുകൾ വേലിക്കെട്ടുകൾ ആണ്.
അതുകൊണ്ട് പിരിഞ്ഞിരുന്നാൽ സ്വതന്ത്രൻ ആയി എന്നാണ് എല്ലാരും കരുതി വെച്ചേ. വേലിക്കെട്ടുകൾ കൊഴിഞ്ഞു വീഴും എന്ന് .
വിശ്രമം സ്വാതന്ത്രമാണ് എന്നുള്ളത് നമ്മുടെ അറിവുകേടാണ്. അത് വിശ്രമിച്ചു തുടങ്ങുമ്പോഴാണ് അറിഞ്ഞു തുടങ്ങുക.
മരണമാണ് മനസ്സിന്റെ സ്വാതന്ത്രം.
ജീവിതം...അത് ഭയത്തിന്റെ വ്യാഖ്യാനം മാത്രം.
മനസ്സ് തുറക്കണം എന്നുള്ളത് എന്നും നമ്മുടെ ആശയായിരുന്നു.
മനസ്സുമാത്രം തുറന്നില്ല എന്നത് ആരും പറയാത്ത സത്യവും.
നട ക്കാത്തതെല്ലാം ആശയായി ബാക്കി നിൽക്കും എന്ന് ആശയുള്ളതുകൊണ്ടു മാത്രം നമുക്കറിയാം...
സിലബസ്സിന്റെ ചങ്ങല ക്കുള്ളിൽ അച്ചടക്കത്തിന്റെ ആനക്കയത്തിൽ ജീവപര്യന്തം തടവിനെയാണ് സംസ്കാരം എന്ന് പറയുന്നത്.
അതുകൊണ്ടു ശരീരം ചാരമാക്കുന്നതും സംസ്കാരം തന്നെ.
ശബ്ദത്തിന്റെ വകഭേദം പോലും കൈപ്പത്തി വെട്ടിക്കളയാൻ ധാരാളമാണ് എന്ന് പ്രൊഫസർമാർ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.
ശബ്ദമില്ലാത്ത ലോകത്തു വെട്ടാൻ കൈപ്പത്തികൾ ഒന്നും ബാക്കിയില്ല എന്നത് കൗതുകമുള്ള മറ്റൊരു കാര്യം .
കയ്യിൽ വിശ്വാസത്തിന്റെ ഗ്രന്ഥം ഉണ്ടെന്നത് തലവെട്ടുന്നവന്റെ അഭിനിവേശം ആണ്.
ദർശനത്തിന്റെ അടുക്കളയിൽ ദൈവത്തിനുള്ള വഴിപാടാണ് വെട്ടിയെടുത്ത തലകൾ.
ഭൂരിപക്ഷം ശക്തിയല്ല എന്ന് താലിബാന്റെ വിജയം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്.
ഭൂരിപക്ഷത്തിന്റെ ഭരണം ന്യൂന പക്ഷം തച്ചുടക്കുന്ന പ്രതിഭാസം ജീവിതം ഭയമാണ് എന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നുണ്ട് .
ഭൂരിപക്ഷം സത്യമല്ല എന്ന് വിറ്റു തീരുന്ന ഇന്ത്യയും നമ്മെ അറിയിക്കുന്നുണ്ട്.
നടക്കാത്ത ഓരോ വിപ്ലവവും ഭീരുക്കളുടെ നീണ്ട പട്ടികയെ പ്രദർശിപ്പിക്കുന്നുണ്ട്. അടവ് നയം സുഖവാസത്തിനുള്ള തുരുത്താണ് .
ദേശസ്നേഹത്തിന്റെ നെറ്റിപ്പട്ടം വിൽപ്പനക്ക് എത്തിയിട്ടുണ്ട് എന്നത് ഈ സ്വതന്ത്ര ദിനത്തിലെ സമാധാനമാണ്.
. നെറ്റിപ്പട്ടം ..അത് ജീവിച്ചിരിക്കുന്നവന്റെ മാത്രം ഭയമാണ്. അസ്തിത്വവാദമാണ്.
അതുകൊണ്ടു ഭയത്തിന്റെ നിർവഹണ നീതിയാണ് അസ്തിത്വവാദം
മരിക്കാൻ മാത്രം പുറത്തിറങ്ങുന്ന മനുഷ്യരുടെ ഈ ലോകത്തു ശവപ്പെട്ടിക്കു അരികിൽ എത്തുമ്പോൾ അറിയുന്ന സത്യം മാത്രമാണ് സ്വാതന്ത്രം.
സാഹിത്യം...അത് ആത്മനിഷഠയുടെ അലച്ചിൽ ആണ് . അഹന്തയുടെ കൽതുറങ്കിൽ അലമുറയിടുന്ന അടിമത്വം ആണ്.
പ്രണയം അത് പ്രേതങ്ങളുടെ നേരമ്പോക്കാണ്. മരിച്ചു കഴിഞ്ഞവൻറെ അസ്തിത്വ വാദം . ശൂന്യതയുടെ ദാർശനിക വഴി.
അതെ..പരാജിതൻറെ പഴകഞ്ഞി .