ജനകീയ മാധ്യമ പ്രവർത്തനം
*********************************
മാധ്യമങ്ങൾ ജനകീയമാവുക, അല്ലെങ്കിൽ; ജനങ്ങൾ തന്നെ മാധ്യമങ്ങൾ ആവുക ഇങ്ങനെ രണ്ട് അർത്ഥത്തിലും ജനകീയ മാധ്യമ പ്രവർത്തനത്തെ മനസ്സിലാക്കാം. ഒന്നാമത്തെ കാര്യം ഇന്നത്തെ സാമൂഹ്യ സാഹചര്യത്തിൽ ഏറെ ദുഷ്കരമായ ദൗത്യമാണ്. വിജയകരമായി ബിസിനസ് നടത്തുക , അതിനു വേണ്ടിയുള്ള നിലയും നിലപാടും സ്വീകരിക്കുക എന്നതാണ് പൊതുവിൽ ഉള്ള മാധ്യമ സമീപനം.ഇങ്ങനെയുള്ള മാധ്യമ മനോഭാവത്തെയും നിലപാടിനെയും മാറ്റാൻ ശ്രമിക്കുന്നത് ബുദ്ധിയാവില്ല. കാരണം അതൊരു വർഗ്ഗ സ്വഭാവത്തിന്റെ സ്വാഭാവിക മനോഭാവമാണ്. അവർ നുണ പറഞ്ഞുകൊണ്ടേയിരിക്കും. നുണ ചർച്ചയാക്കികൊണ്ടേയിരിക്കും കാരണം പറയുന്ന ഓരോ നുണക്കും ഓരോ രാഷ്ട്രീയ ദൗത്യം നിറവേറ്റാനുണ്ട്. വർഗ്ഗ സംഘട്ടനത്തിലെ( CLASS STRUGGLE ) കക്ഷിതന്നെയാണ് ഓരോ മാധ്യമവും . ഈ രാഷ്ട്രീയ -പ്രത്യയ ശാസ്ത്ര സത്യത്തെ മറച്ചുപിടിച്ചു കൊണ്ടോ കണ്ടില്ല എന്ന് നടിച്ചുകൊണ്ടോ അവഗണിച്ചുകൊണ്ടോ പുരോഗമന രാഷ്ട്രീയത്തിന് മുന്നേറാനാവില്ല. വർഗ്ഗ ശത്രു അവരുടെ സ്റ്റുഡിയോവിലേക്കു നിങ്ങളെ വിളിക്കുന്നത് വിചാരണചെയ്തു വികലമാക്കാനാണ് . സംവാദം എന്ന പേരിൽ നടക്കുന്നത് വാഗ്‌വാദവും ഏകപക്ഷീയമായ വിധികൽപ്പനയുമാണ്. ഇതൊരു "ട്രാപ് " ആണ് .
ട്രാപ് ആണ് എന്ന് തിച്ചറിഞ്ഞുകൊണ്ട് തന്നെ അവിടെപ്പോയി ഇരുന്നു കൊടുത്തു വിയർത്തു വരുന്നത് രാഷ്ട്രീയ വിവരക്കേടായാണ്. സമയ നഷ്ടമാണ്. എല്ലാവരെയും കേൾക്കുന്ന ജനാധിപത്യ ബോധമുള്ള കക്ഷിയാണ് ഈ മാധ്യമം എന്ന ബോധനിർമ്മിതിക്കുള്ള കരുത്ത് പകരൽ ആണ്. ഇത്തരം ട്രാപ്പിൽ ഒരിക്കലും വീഴ്ത്താൻ പറ്റാത്ത ഒരാൾ ഉണ്ട് .അത് പിണറായി വിജയൻ ആണ്. മാധ്യമക്കാരുടെ "പ്രത്യേക മനോനില" കൃത്യമായി അറിയുന്ന ആളാണ് പിണറായി എന്ന് പറയാതെ വയ്യ. ക്ഷണിക്കുന്നത് തർക്കിച്ചു തോൽപ്പിക്കാനാണ്. തലയറുത്തു കയ്യിൽ തരാനാണ് . അതുകൊണ്ട് അവിടെപ്പോയി ഇരുന്നു മൈലേജ് ഉണ്ടാക്കാം എന്ന് കരുതുന്നത് മൗഢ്യമാണ്.
അവരുടെ നിലപാടുകൾ അടിച്ചേൽപ്പിക്കാനുള്ള ഇരയെ ആണ് നിങ്ങളിൽ അവർ കാണുന്നത്. വർഗ്ഗ ശത്രു ഒരിക്കലും ആശയപരമായി സ്വതന്ത്രർ അല്ല. അതുകൊണ്ട് അവിടെ നടക്കുന്നത് സംവാദമല്ല , ചർച്ചയുമല്ല . വിരുദ്ധ ആശയങ്ങളുടെ ഏറ്റുമുട്ടൽ ആണ്. അതുകൊണ്ടു തർക്കം സ്വാഭാവികം. ഇത്തരം തർക്കങ്ങളിൽ സമയം കളഞ്ഞതുകൊണ്ടു കമ്മ്യൂണിസ്റ്റ് കാരന് ഒരു നേട്ടവും കിട്ടിയിട്ടില്ല. .പലപ്പോഴകും കോട്ടം ഉണ്ടായിട്ടുമുണ്ട്. നീതിബോധമില്ലാത്ത വേദികളിൽ കമ്യൂണിസ്റ്റു കാരന് കാര്യമില്ല. കാരണം രാഷ്ട്രീയ സംരഭകത്വമല്ല കമ്മ്യൂണിസ്റ്റ് കാരന്റെ വഴി. അതുകൊണ്ടു തന്നെ വിപണിതേടി വലതു മാധ്യമങ്ങളുടെ തിണ്ണ കയറേണ്ടതില്ല. അതൊരു അൺ ഇക്കണോമിക്കൽ പൊളിറ്റിക്കൽ തിയറി ആണ്.
തിരിച്ചറിവുണ്ടായിട്ടും തിരുത്താതെ പോവുന്നത് അടവുനയമായി മാത്രം കാണാൻ പറ്റില്ല. അതൊരു ഭീരുത്വവുമാവാം..ആർജ്ജവം വറ്റിയ വരൾച്ചയാവാം.. രാഷ്ട്രീയം മാനസീക അടിമത്വമാവുന്നത് കമ്മ്യൂണിസ്റ്റ് കാരന് സ്വീകാര്യമാവില്ല.
മീഡിയ മാനേജ്‌മെന്റിൽ വീഴ്ചപറ്റിയതാണ് കമ്മ്യൂണിസ്റ്റ് കാരന്റെ പിഴവെന്ന് ചില ചാനൽ അവതാരകർ പറയുന്നത്കേട്ടു ..മീഡിയ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല എന്നൊക്കെയാണ് തട്ടിവിട്ടത്.. ഇതൊരു രാഷ്ട്രീയ വിവരക്കേടാണ് .വലതു പക്ഷത്തെ തർക്കങ്ങൾ ഇടതുപക്ഷത്തിന് ഗുണകരമായി വരാം. ഇത് വലതു മാധ്യമങ്ങളുടെ ഔദാര്യമല്ല. ബൂർഷ്വാർസിയുടെ ഔദാര്യവും അല്ല. മറിച്ചു വലതു മാധ്യങ്ങളും ബൂർഷ്വാസിയും അവരുടെ നിക്ഷിപ്ത താത്പര്യങ്ങൾ മുൻ നിർത്തി ചെയ്യുന്ന പ്രവർത്തിയുടെ സ്വാഭാവിക ഫലമാണ് . അതുകൊണ്ടു "സോളാർ " വിഷയം വലതുപക്ഷത്തു നിന്ന് തന്നെ വന്ന വിവാദമാണ്. വലതു പക്ഷത്തിലെ ആഭ്യന്തര തർക്കങ്ങൾ ഇടതുപക്ഷത്തിന് ഗുണം ചെയ്യുന്നത് വർഗ്ഗ സഹകരണത്തിന്റെ ഔദാര്യമല്ല .
വലതു മാധ്യമങ്ങൾ എണ്ണത്തിലും വണ്ണത്തിലും ഏറെ മുന്നിൽ ആണ് . വൻ മൂലധന ശക്തികൾ ആണ്. ഈ മാധ്യമ ശക്തികളെ പ്രതിരോധിക്കാനുള്ള ശേഷി ഇടത്-പുരോഗമന മാധ്യമങ്ങൾക്കു ഇല്ല എന്നത് ഒരു വസ്തുത ആണ്.. ഇങ്ങനെയുള്ള രാഷ്ട്രീയ സത്യത്തെ തിരിച്ചറിയുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയുമാണ്. ജനങ്ങൾ തന്നെ മാധ്യമ ങ്ങൾ ആവുക എന്നതാണ് പുതിയ രാഷ്ട്രീയ ദൗത്യം. സത്യങ്ങളുടെ സംവേദനത്തെ (COMMUNICATION ഓഫ് FActs ) ശക്തിപ്പെടുത്താനുള്ള ചാലക ശക്തിയായി നാം ഓരോരുത്തരും മാറുമ്പോൾ മാത്രമാണ് നാം നമ്മുടെ രാഷ്ട്രീയ സ്വത്വത്തെ തിരിച്ചുപിടിക്കുന്നത് .അപ്പോൾ മാത്രമാണ് നമ്മുടെ സാമൂഹ്യ അസ്‌തിത്വം സാർത്ഥക മാവുന്നതും . നിലനിൽപ്പ് എന്നത് വ്യക്തിപരമായ നേട്ടങ്ങളുടെ ലിസ്റ്റ് നോക്കി നിശ്ചയിക്കേണ്ടതല്ല.
സാമൂഹ്യമായി രാഷ്ട്രീയം സംസാരിക്കുന്ന മനോഭാവം ഇന്ന് കാണാനില്ല. അങ്ങിനെ രാഷ്ട്രീയം സംസാരിക്കുന്നവനെ ഒരു കൈ സഹായിക്കാൻ ആളെക്കിട്ടാനും വിഷമമാണ്. ഇത് രാഷ്‌ടീയ സംരഭകത്വത്തിൻ്റെ സാമൂഹ്യ നീതിയാണ്., രീതിയാണ് . വലതു പക്ഷത്തിന്റെ പ്രചാരണ അജണ്ട നിശ്ചയിക്കുന്നത് ഇവിടുത്തെ ബൂർഷ്വാ മാധ്യമങ്ങൾ ആണ്.
നുണ എന്നത് ഒരു തരം ബൂർഷ്വാ ചെറ്റത്തരം ആണ് . അതുകൊണ്ടു തന്നെ ബൂർഷ്വാസിക്ക് അത് പഥ്യവുമാണ് . അതുകൊണ്ടു അവർ നുണപറയുന്നു എന്ന് പറഞ്ഞു വിലപിക്കേണ്ട ആവശ്യമില്ല. ബൂർഷ്വാസിയുടെ സാംസ്കാരിക ശൈലിയെ തർക്കിച്ചു മാറ്റാൻ ആവില്ല. വർഗ്ഗ സ്വഭാവത്തിന് സ്വാഭാവീകമായ പരിണാമമില്ല എന്നും അറിയണം. നുണ പറഞ്ഞു പണമുണ്ടാക്കുക എന്നത് മാധ്യമ സംരഭകത്വത്തിലെ പുതിയതല്ലാത്ത പരീക്ഷണമാണ്. "പെയ്‌ഡ് നുണ" ആയതുകൊണ്ടാണ് നുണ തിരുത്താതെ പോകുന്നത്. നുണയുടെ പുതിയ ശൈലിയാണ് ഇപ്പോൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്നതു.
ജനങ്ങൾ രാഷ്ട്രീയം സംസാരിച്ചു തുടങ്ങുമ്പോഴാണ് സാമൂഹ്യ സംവേദനം (സോഷ്യൽ communication ) ക്രിയാത്മകമാവുന്നത് . ഇങ്ങനെയുള്ള ക്രിയാത്മക സംവേദനത്തിലൂടെ മാത്രമേ മാധ്യമ ഭീകരതയെ ചെറുക്കാനാവൂ. ഇതിനായി ജനങ്ങളെ പ്രാപ്തരാക്കുക എന്നത് ശ്രമകരമായ രാഷ്ട്രീയ ദൗത്യമാണ്. ഏതൊരു ദൗത്യവും ആവശ്യപ്പെടുന്നത് നല്ല നൈപുണി(skill ) ആണ് . അതായതു പ്രായോഗിക കർമ്മ ശേഷി. ഡോക്ടർ ഉണ്ട് ചികിത്സയില്ല എന്ന് പറയുന്നത് പോലെയാണ് രാഷ്ട്രീയം ഉണ്ട് പരിഹാരം ഇല്ല എന്ന് പറയുന്നത് .