em.em mani



രാഷ്ട്രീയ  വലതുപക്ഷവും  കരിങ്കാലികളും .

***********************************************

സമരമുഖത്താണ്  നമ്മൾ  സാധാരണ കരിങ്കാലികളെ  കാണാറുള്ളത്. എന്ന് പറഞ്ഞാൽ  ട്രേഡ് യൂണിയനുകൾ  സമരം നടത്തുന്ന  തൊഴിൽ ശാലകളിലും മറ്റും. സമരത്തെ ഒറ്റു  കൊടുക്കുന്നവർ  എന്നാണ് അതിനു സാമാന്യ അർത്ഥം  കല്പിച്ചിട്ടുള്ളത്. വർഗ്ഗ പരമായി   തൊഴിലാളികൾ  പക്ഷെ മുതലാളിയുടെ ഒറ്റുകാർ. തൊഴിലാളികൾ  സമരം ചെയ്തു നേടിയ ആനുകൂല്യങ്ങൾ ഒക്കെ അനുഭവിക്കുകയും  സമരത്തിനും മറ്റും പാര  വെക്കുകയും ചെയ്യുന്ന  മുതലാളിയുടെ ഏജന്റുമാർ എന്നും പറയാം.  ഒരു സമൂഹത്തിൽ ഗണ്യമായ വിഭാഗം തന്നെ കരിങ്കാലികൾ  ആയി മാറിയേക്കാം. അതൊരു രാഷ്ട്രീയാവസ്ഥയാണ്.  അതാണ് സോവിയറ്റ് യൂണിയൻ  തകർന്നടിയാൻ  കാരണമായത്.  മുതലാളിത്തത്തിന്റെ  ബോധനിർമ്മിതിയുടെ  ഉൽപ്പന്നമാണ് ഇത്തരം  കാലിങ്കാലി ബ്ലോക്കുകൾ.

എം.എം മാണിയുടെ ഒരു പരാമർശമാണ് ഈ കുറിപ്പ് എഴുതുവാൻ  ഇടയായത്. ആനുകൂല്യങ്ങൾ എല്ലാം അനുഭവിച്ച സാധാരണ ജനങ്ങൾ  നന്ദി കാണിച്ചില്ല എന്നാണ്  മണിയുടെ  കമന്റ് . വ്യാകരണം ഇല്ലെങ്കിലും മണിയുടെ  രാഷ്ട്രീയം എന്നും ശുദ്ധമാണ്.  അതാണ്  മണിയാശാൻ.  മണിയെ  തിരുത്താൻ എം.എ  ബേബി വന്നു. തിരുത്തി.  "ആനുകൂല്യങ്ങൾ ജനങ്ങളുടെ അവകാശമാണ്" എന്നാണ് തിരുത്തു .  ബേബി പറഞ്ഞതിൽ രാഷ്ട്രീയമായ പിശകൊന്നും ഇല്ല.  പക്ഷെ എം.എം  മണി  പറഞ്ഞത്അ നിവാര്യമായ ഒരു രാഷ്ട്രീയ വിമർശനം ആണ്.  രാഷ്‌ടീയ വലതു പക്ഷത്തിന്റെ  കരിങ്കാലി  പണി ഒരു സോഷ്യൽ ബ്ലോക്ക്എ ചെയ്യുമ്പോൾ  അത്  തിരിച്ചറിഞ്ഞ രാഷ്ട്രീയ നന്മയാണ് മണി. ആനുകൂല്യങ്ങളുടെ പെരുമഴ പെയ്‌തിട്ടും അത്   അനുഭവിച്ചിട്ടും  നിഷേധാത്മക  നിലപാട് സ്വീകരിക്കുന്ന  സമീപനം രാഷ്ട്രീയ വലതു പക്ഷത്തിന്റെ  കരിങ്കാലി  മനോഭാവം തന്നെയാണ്. ജനങ്ങളിൽ നിന്ന് രാഷ്ട്രീയം പഠിക്കുമ്പോഴുണ്ടാകുന്ന തിരിച്ചറിവിന്റെ  വലിയ വെളിച്ചമാണ് എംഎം. മണി  എന്ന് ഇവിടെ കാണാം.  പച്ചയായി വിളിച്ചു പറഞ്ഞ സത്യങ്ങൾ വർഗ്ഗ രാഷ്ട്രീയത്തിന്റെ  മൂർച്ചയുള്ള  വിമർശങ്ങൾ ആണ്. 

ഇന്ത്യയിൽ ജനാധിപത്യത്തിന്റെ  തുരുത്തു  എന്നത് കേരളമാണ്‌ . അത് കമ്മ്യൂണിസ്റ്റ് കാരന്റെ  പോരാട്ടത്തിലൂടെ  നേടിയ  വളർച്ചയാണ്. സമാനതകൾ ഇല്ലാത്ത വളർച്ചകൾ നേടിയ     സമൂഹത്തെ രാഷ്ട്രീയ വലതു  പക്ഷത്തിന്റെ  ബോധത്തിൽ നിന്നും  വെല്ലുവിളിക്കുന്ന  ഏതൊരു വിഭാഗവും  കരിങ്കാലി  ബ്ലോക്ക്  തന്നെ ആണ്.  നന്ദിയില്ലാത്തവർ ആണ്. അതൊരു രാഷ്ട്രീയ നിലപാടാണ്.   വർഗ്ഗ ബോധത്തെ  നിരാകരിക്കുകയോ പാര വെക്കുകയോ  ചെയ്യുന്ന  അവസ്ഥ.  കരിങ്കാലിയെ  കരിങ്കാലി എന്ന്   വിളിക്കുന്നതാണ് രാഷ്ട്രീയ ആർജ്ജവം.  മിനുക്ക് ഭാഷകൾ കൊണ്ടുള്ള  തലോടൽ രാഷ്ട്രീയം  പോരാട്ട ഭൂമിയിൽ  ഒട്ടും ശോഭിക്കില്ല  തന്നെ. 

പരാജയം തെറ്റല്ല. അങ്ങിനെ കരുതുന്നത്  രാഷ്ട്രീയ വിവരക്കേടാണ്. അല്ലെങ്കിൽ വലതു നൈതീകതയുടെ  വക്കാലത്താണ്. പരാജയം  തെറ്റാണെങ്കിൽ  ലോകത്തു അമേരിക്കൻ സാമ്രാജ്യത്വവും  ഇന്ത്യയിൽ മോഡിയുമാണ് ശരി. കാരണം അവരാണ് മേലധികാരികൾ  ലോകത്തിന്റെയും ഇന്ത്യയുടെയും അധികാരികൾ . ശക്തികൊണ്ട് ശരിയെ  അളക്കുന്നത്  ഒരു  പ്രതിലോമ  ബോധമാണ്.  ജനങ്ങൾ ആണ് വിധികർത്താക്കൾ  . ഹിറ്റ്ലറെ തെരെഞ്ഞെടുത്തത് അവരാണ്. മുസോളിനെയും. മോഡിയെയും, തെരെഞ്ഞെടുത്തത് അവരാണ്.  ലോകത്തെവിടെയും  ഇങ്ങനെ തന്നെയാണ്.  ജനങ്ങളിൽ സ്വീകാര്യത ഇല്ല എന്നതിന്   അർത്ഥം നിങ്ങൾക്ക്  തെറ്റ്   പറ്റി  എന്നല്ല.  സ്വീകാര്യത ഉള്ളത് കൊണ്ട് നിങ്ങൾ ശാരിയുമാവുന്നില്ല. രാഷ്ട്രീയത്തെ  ആത്മീയതയിലേക്ക് ഉയർത്തി കൊണ്ടു മാത്രമേ  ഇങ്ങനെ  ഒരു  തിരിച്ചറിവ് സാധ്യമാവൂ. ആശയ വാദത്തിന്റെ  അലസത എന്ന നിലയിൽ അല്ല , മറിച്ചു  നിസ്വാർത്ഥതയുടെ  മനോനില എന്ന അർത്ഥത്തിൽ ആണ് ആത്മീയതയെ വായിക്കുന്നത്.  

അധികാരത്തിന്റെ  അഭിനിവേശം ഒരു ലോക യാഥാർഥ്യമാണ് . 

Previous
Next Post »