നവോത്ഥാനം , രാഷ്ട്രീയം പിന്നെ പുതിയ സംശയങ്ങളും...
************************************************************
നവോത്ഥാനം എന്താണ് എന്തല്ല എന്നതാണ് ഇപ്പോഴത്തെ സംശയം.വലതു രാഷ്ട്രീയക്കാർക്ക് മാത്രമല്ല...സുകുമാരൻ നായർക്കും അങ്ങിനെ ഒരു സംശയം ഉണ്ട്..അതുകൊണ്ടാണ് മുഖ്യമന്ത്രി നവോത്ഥാന പാരമ്പര്യം ഉള്ള സംഘടനകളുടെ മീറ്റിംഗ് വിളിച്ചു ചേർത്തപ്പോൾ വിമർശനവുമായി സുകുമാരൻ നായരും വന്നത്..രാഷ്ട്രീയം എന്താണെന്നതിനെ കുറിച്ചും സുകുമാരൻ നായർക്ക് വലിയതായ സംശയം ഉണ്ട്.
*****
ദുരാചാരങ്ങൾ കൊണ്ട് ജീവിത മൂല്യങ്ങൾ നിരാകരിക്കപ്പെട്ട സാമൂഹ്യ സാഹചര്യത്തിൽ ഉയർന്നു വന്ന ജനകീയ പ്രക്ഷോഭങ്ങൾ ആയിരുന്നു നവോത്ഥാനങ്ങൾ എല്ലാം...അതിനു നേതൃത്വം കൊടുത്തവരെ
നവോത്ഥാന നായകർ ആയി ചരിത്രം രേഖപ്പെടുത്തി.
ഇനി രാഷ്ട്രീയം .അതെന്താ സാധനം ?
******
സാമൂഹ്യ ജീവിതത്തിൽ മനുഷ്യൻ ഉയർത്തി പ്പിടിക്കുന്ന നിർവ്വഹണ സമ്പ്രദായമാണ് രാഷ്ട്രീയം. ഈ നിർവ്വഹണ സമ്പ്രദായം ഒറ്റയായും കൂട്ടമായും മനുഷ്യൻ പാലിക്കുന്നുണ്ട്.മനുഷ്യൻ സാമൂഹ്യ ജീവി ആയ നാൾ മുതൽ രാഷ്ട്രീയം ഉണ്ട്.മനുഷ്യൻ മുഖ്യമായും ഒരു രാഷ്ട്രീയ ജന്തു ആണെന്ന് അരിസ്റ്റോട്ടിൽ പറയുന്നത് അതുകൊണ്ടാണ്....അതുകൊണ്ടു സുകുമാരൻ നായരും നല്ല രാഷ്ട്രീയക്കാരൻ ആണ്.
******
പിന്നെ ദുരാചാരങ്ങൾ കൊണ്ട് ജീവിത മൂല്യങ്ങൾ നിരാകരിക്കുന്ന സാമൂഹ്യ സാഹചര്യം ഇപ്പോൾ ഉണ്ടോ എന്നാണ് മറ്റൊരു ചോദ്യം. ഇല്ല എന്ന് സുകുമാരൻ നായർ കരുതുന്നത് കൊണ്ട് നവോത്ഥാന സമരത്തിൽ അദ്യേഹം പങ്കെടുക്കുന്നില്ല..ആയിക്കോട്ടെ.
****
ജനകീയമായി മുന്നോട്ടു വെക്കുന്ന ജീവിത മൂല്യങ്ങളെ തകർത്തെറിയുന്ന ഏതൊരു നിലപാടും നവോത്ഥാന വിരുദ്ധമാണ്.അതുകൊണ്ടു തൊഴിലാളി വർഗ്ഗ മുന്നേറ്റത്തെ ഞെരിച്ചു കൊന്ന 1959 ലെ വിമോചന സമരവും നവോത്ഥാന വിരുദ്ധം തന്നെ.
******
നവോത്ഥാനത്തിൻറെ ചരിത്രം പറയുന്നവർ ഇതും ചേർത്ത് വായിക്കണം. അവരുടെ കണക്കിൽ ചേർക്കണം. കോൺഗ്രസ്സും മന്നത്തും ഇത് കൂടി അവരുടെ ചരിത്രത്തിൽ ചേർത്ത് വെക്കണം. പ്രതിലോമ രാഷ്ട്രീയത്തിന്റെ അശ്‌ളീല സംസ്കാരമായിരുന്നു 1976 ലെ അടിയന്തിരാ വസ്ഥ. നവോത്ഥാനത്തിൽ രാഷ്ട്രീയം ഉണ്ട്. പുരോഗമന രാഷ്ട്രീയത്തിൽ നവോത്ഥാനവും. കാരണം അത് സാമൂഹ്യമായ ഇടപെടലിൻറെ ഗതി നിശ്ചയിക്കുന്നുണ്ട് . ശൂന്യമായ മൂല്യം അല്ല നവോത്ഥാനം. മൂർത്തമായ സാമൂഹ്യ അനുഭവം ആണ്. അത് മൂല്യങ്ങളുടെ പൊളിച്ചെഴുത്താണ് ..പുനർ നിർവ്വചനം ആണ്. മൂല്യങ്ങളെ മത മൂല്യങ്ങളിൽ മാത്രം പരിമിത പ്പെടുത്തുന്നത് ശരിയല്ല. അതിനു സാമൂഹ്യമായ മാനങ്ങൾ ഉണ്ട്. അതുകൊണ്ടു ഏതൊരു നവോത്ഥാന പ്രസ്ഥാനത്തിലും രാഷ്ട്രീയം ഉണ്ട്. രാഷ്ട്രീയമായ മുന്നേറ്റങ്ങൾക്ക് നവോത്ഥാന പോരാട്ടങ്ങൾ കാരണമായിട്ടുണ്ട്. 1957 ലെ ആദ്യ കമ്മ്യുണിസ്റ്റു ഗവൺമെന്റിന് അങ്ങിനെ ഒരു ചരിത്ര പശ്ചാത്തലം കൂടി ഉണ്ടായിരുന്നു...
*****
അധികാരം അശ്ലീലമാവുന്ന അവസ്ഥക്കു നമ്മൾ സാക്ഷ്യം വഹിച്ചു. ജനകീയ മായ പ്രതിരോധത്തിന്റെ വഴികൾ ഒരുക്കി ബദലുകൾ ഉണ്ടായി.പക്ഷെ സാമൂഹ്യ സ്വാതന്ത്രത്തിന്റെ കണക്കുകൾ തീർക്കാതെ തന്നെ കിടപ്പുണ്ട്. പുരുഷനിൽ നിന്നും സ്ത്രീ പാലിക്കേണ്ട അകലം എത്ര എന്നത് ഇന്നും ചോദ്യം തന്നെയാണ്. അതുകൊണ്ടാണ് ശബരിമലയും ഒരു ചോദ്യമാവുന്നതു. സവർണ്ണ-അവർണ്ണ വിവേചനം പരിഹരിക്കപ്പെടാതെ തന്നെ കിടക്കുന്നുണ്ട്. മറിച്ചുള്ള പ്രചാരണം വെറും ക്ലിഷേ ആണ്..
******
ഇപ്പോൾ നവോത്ഥാനത്തിനു എന്ത് കാര്യം എന്ന് ചോദിക്കുന്നവർ വ്യവസ്ഥാപിതമായ സവർണ്ണ ആധിപത്യത്തെ സംരക്ഷിച്ചു നിർത്താൻ പാട് പെടുന്നവർ തന്നെയാണ്..സവർണ്ണ രാഷ്ട്രീയത്തിന്റെ ഈ അജണ്ടക്ക് വർഗ്ഗീയത എന്നും പറയാം. കാരണം മതത്തെ രാഷ്ട്രീയ മൂലധനമായി ഉപയോഗിക്കുന്നു എന്നത് തന്നെ.
*****
ഫ്യുഡലിസത്തെ നിരാകരിക്കുക എന്ന പ്രത്യയ ശാസ്ത്ര ദൗത്യം മുതലാളിത്തം നിർവഹിക്കുക തന്നെ ചെയ്യും. നിരന്തരം സംഭവിക്കുന്ന വർഗ്ഗ സമരത്തിൽ -അവകാശ സമരത്തിൽ ഇങ്ങനെ ഒരു പ്രക്രിയ തീഷ്ണമാവും. ഏതൊരു അവകാശ സമരവും മൂല്യങ്ങളെ ഉയർത്തി പിടിക്കുന്നുണ്ട്.അങ്ങിനെയുള്ള യുള്ള സംഭവങ്ങൾക്കാണ് നമ്മൾ ഇന്ന് സാക്ഷ്യം വഹിക്കുന്നത് .
*****
നവോത്ഥാനം അവകാശ സമരമാണ്. എന്നും അത് അങ്ങിനെ തന്നെയായിരുന്നു. പാർശ്വവൽക്കരിക്ക പ്പെട്ട വിഭാഗത്തിൻറെ പ്രതിഷേധ സ്വരം ആണ് നവോത്ഥാനത്തിൽ എന്നും കേട്ടത്. ലിംഗ വിവേചനത്തിനെതിരെ പ്രതിഷേധ സ്വരം ഉയർന്നു വരുന്നു വെങ്കിൽ അതിൽ നവോത്ഥാന മുദ്രാവാക്യ മുണ്ടു. നവോത്ഥാന മൂല്യവുമുണ്ട്.
*****
ഒ .വി. ശ്രീനിവാസൻ.
