കേരളം അരാഷ്ട്രീയ വൽക്കരിക്കപ്പെടുമ്പോൾ
**************************************************
രാഷ്ട്രീയ വൽക്കരണം എന്നത് പോലെ അരാഷ്ട്രീയ വൽക്കരണവും ഒരു നിരന്തര പ്രക്രിയയാണ്. വർഗ്ഗ വൈരുധ്യത്തിന്റെയും ഏറ്റുമുട്ടലിന്റെയും ആശയ തലമാണ് . മാധ്യമ ഭീകരത എന്നൊക്കെ പറയുന്നത് ഇതിനോട് ചേർന്ന് വായിക്കണം. ബോധവൽക്കരണത്തിന്റെ സാമൂഹ്യ ഉപകരണമാണ് മാധ്യമങ്ങൾ. ഗീബല്സിന്റെ ബോധനം മാധ്യമ ഭീകരത എത്രവരെ പോകാം എന്ന് കാണിക്കുന്നുണ്ട്.. അരാഷ്ട്രീയത തത്വത്തിൽ നിലനിൽക്കുന്ന ഒരു ആശയമല്ല. മനുഷ്യൻ മുഖ്യമായും ഒരു രാഷ്ട്രീയ ജന്തുവാണ് . പാർട്ടികളുടെ കംപാർട്മെന്റിൽ ഈ രാഷ്ട്രീയം വിഭജിക്കപ്പെടുന്നുണ്ട് എന്ന് മാത്രം .സാമൂഹ്യ ജീവിതം കൊണ്ട് ഏവരും രാഷ്ട്രീയ വൽക്കരിക്കപ്പെടുന്നുണ്ട്. രാഷ്ട്രീയം എന്നാൽ പാർട്ടി കാർഡ് അല്ല. സാമൂഹ്യ ജീവിതത്തിലെ നിലപാടും നീതിബോധവുമാണ്. അരാഷ്ട്രീയത എന്നാൽ വർഗ്ഗ വിശകലനത്തിൽ വലതു രാഷ്ട്രീയമാണ്. നൈതീകതയുടെ സ്വകാര്യപക്ഷമാണ് വലതു രാഷ്ട്രീയം. ശരിക്കും തെറ്റിനും ഇടയിൽ മധ്യവർത്തികൾ ആയി വേഷമിടുന്ന പൊളിറ്റിക്കൽ ഹിപോക്രറ്റുക്രാറ്റുകൾ സ്വയം വിശേഷിപ്പിക്കുന്ന അവസ്ഥയാണ് "നിക്ഷപക്ഷത ". ഇങ്ങനെയുള്ള അവസ്ഥയാണ് അരാഷ്ട്രീയത.
ജനങ്ങൾ ആശയങ്ങൾക്ക് പിന്നിൽ തമ്പടിക്കുന്നു എന്ന് കരുതുന്നത് മൗഢ്യമാണ്.അവർ മുദ്രാവാക്യങ്ങളുടെ വികാരത്തെ മാത്രമാണ് സ്വീകരിക്കുന്നത്. അത് ഇടതു പക്ഷമായാലും വലതു പക്ഷമായാലും അങ്ങിനെയാണ്. അതായത് വികാര തീവ്രമല്ലാത്ത മുദ്രാവാക്യങ്ങൾ അവഗണിക്കപ്പെടും. ലോകത്തു ഒരിടത്തും വിപ്ലവം ഉണ്ടായത് അവിടെയുള്ള ജനത രാഷ്ട്രീയ ആശയങ്ങൾ പഠിച്ചിട്ടുള്ള. ഫലമല്ല. മുദ്രാവാക്യങ്ങൾ മറക്കാനുള്ളതാണ് എന്ന് ചരിത്രമാണ്. അത് സോവിയറ്റ് റഷ്യയുടെയും മറ്റു കിഴക്കൻ യൂറോപ്യൻ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെയും അനുഭവമാണ്. വിപ്ലവത്തിൽ എന്നപോലെ പ്രതി വിപ്ലവത്തിലും മുദ്രാവാക്യമുണ്ട് .1959 ലെ വിമോചന സമരത്തെയും അതിലെ മുദ്രാവാക്യത്തെയും ഒക്കെ നമുക്ക് ഓർമയുണ്ട്. "വിമോചന സമരം" എന്ന് പറയുന്നത് പൊളിറ്റിക്കലി കറക്റ്റ് അല്ല,. കാരണം അത് സമരമല്ല. കലാപമാണ്. ജനാധിപത്യ വിരുദ്ധമായതുകൊണ്ടും അരാജകത്വ മായതുകൊണ്ടും ഇത് കലാപം തന്നെ. രാഷ്ട്രീയത്തിന് അരാജകത്വ സ്വഭാവം നൽകിക്കൊണ്ടാണ് ഏകാധിപതികൾ എന്നും അധികാരത്തിൽ എത്തുന്നതും വാഴുന്നതും.. ആശയപരമായ സങ്കുചിതത്വം രാഷ്ട്രീയമായ അരാജകത്വത്തിലേക്ക് പോവും എന്ന് വിമോചന കലാപം മാത്രമല്ല ഗുജറാത്ത് വംശ ഹത്യയും മണിപ്പൂർ കലാപവുമൊക്കെ നോക്കി നമുക്ക് പറയാം.
കേരളം പ്രബുദ്ധമാണ് എന്നാണ് കുറെ കാലമായി നമ്മൾ പറഞ്ഞു നടക്കുന്നത്. ഇത് ചെറുതല്ലാത്ത ഒരു നുണയാണ് എന്ന് നമ്മൾ ഇപ്പോഴെങ്കിലും തിരിച്ചറിയണം. കാരണം തിരിച്ചറിയാതെ ഒന്നും തിരുത്താൻ ആവില്ല. പ്രബുദ്ധത പ്രതിലോമമാവില്ല. പ്രതിലോമ രാഷ്ട്രീയത്തിന് സാംസ്കാരിക തലസ്ഥാനം വഴി തുറന്നു കൊടുത്തിരിക്കുന്നു. വികസനത്തിന്റെ രാഷ്ട്രീയത്തിന് ജനങ്ങളുടെ ബോധത്തെ അളന്നെടുക്കാൻ കഴിഞ്ഞില്ല. കൊണ്ടുവന്ന ക്ഷേമങ്ങൾ ഒന്നും രാഷ്ട്രീയമായില്ല. പൈങ്കിളി മുദ്രവാക്യങ്ങൾ സ്വീകരിക്കാൻ മാത്രം പാകമായ ബോധമാണ് ജനങ്ങൾക്ക് ഉള്ളത് എന്നത് അപ്രിയമെങ്കിലും സത്യം തന്നെ. ഈ ബോധമാണ് ഇനിയുള്ള വെല്ലുവിളിയും . .
പ്രതിലോമ വികാരത്തിൻ്റെ ആഴങ്ങൾ അത്രമാത്രം ഉണ്ടായിരുന്നു.
രാഷ്ട്രീയ ശേഷിയും രാഷ്ട്രീയ പരാജയവും രണ്ടാണ്. രാഷ്ട്രീയ ശേഷി എന്നത് ശരിയുടെ സാക്ഷ്യപ്പെടുത്തലുമല്ല .. അതുകൊണ്ടു തെരെഞ്ഞെടുപ്പിൽ ജയിച്ചവൻ ശരിയും തോറ്റവൻ തെറ്റുമല്ല. തെറ്റുപറ്റിയിട്ടോ തെറ്റ് ചെയ്തിട്ടോ അല്ല തോൽക്കുന്നത്. തോൽക്കുമ്പോൾ തെറ്റ് തിരുത്തും എന്ന് പറയുന്നത് ഒരു പ്രായോഗീക രാഷ്ട്രീയ സമീപനമമാവില്ല .ഒരു സമൂഹം ആകമാനം തെറ്റ് ചെയ്തുകൊണ്ടാണ് ഹിറ്റ്ലർ അധികാരത്തിൽ വന്നത്. നിങ്ങൾക്ക് തെറ്റ് പറ്റി എന്ന് സമൂഹത്തിനോട് വിളിച്ചു പറയാനുള്ള ആർജ്ജവമാണ് കാണിക്കേണ്ടത് .അല്ലാതെ തെറ്റ് ചെയ്ത സമൂഹത്തെ നോക്കി ഞങ്ങൾ തെറ്റ് തിരുത്തും എന്നല്ല. നിങ്ങൾക്ക് എന്തോ വലിയ തെറ്റ് പറ്റിയെന്ന വലതു പ്രചാരണത്തെ അറിയാതെ ഏറ്റു പറയുന്ന രീതി ഒരു ലെനിനിസ്റ്റ് സമീപനമാവില്ല. ആഭ്യന്തര ശുചീകരണ പ്രക്രിയ നിരന്തരമായി തന്നെ ഒരു ലെനിനിസ്റ്റ് പാർട്ടി യിൽ നടക്കും. അതിനു സാമൂഹ്യമായ പ്രചാരണം ആവശ്യമില്ല. പഴയ ഗ്ളാസ്നോസ്റ്റും പെരിസ്‌ട്രോയിക്കയും ഇവിടെ ഓർക്കാം.. ബൂർഷ്വാ വാചക കസർത്തി ന്റെ മോഹ വിലയിൽ കമ്മ്യൂണിസ്റ്റ് കാർക്ക് വീഴാനാവില്ല. rationalisation അഥവാ "elinimation of waste and ineficiency" എന്ന വളരെ പഴയ ഒരു മാനേജ്‌മന്റ് സമീപനത്തെ പെരിസ്‌ട്രോയിക്ക എന്ന റഷ്യൻ പദം കൊണ്ട് കബളിപ്പിച്ചപ്പോൾ ഉണ്ടായ രഷ്ട്രീയ ദുരന്തം ഇന്ന് ചരിത്രമാണ്. തിരുത്തൽ എന്ന ആഭ്യന്തര പ്രക്രിയക്ക് സാമൂഹ്യമായ ഘോഷം ഉണ്ടാവുന്നത് വിചാരണ ചെയ്തു തോൽപ്പിക്കാനുള്ള വലതുപക്ഷ--സാമ്രാജ്വത്വ ഗൂഢാലോചനയാവാം. വളർന്നു വരുന്ന മാധ്യമ ഭീകരത കാണാതെ പോവരുത്. വലിയ തെറ്റുകാർ വിജയിക്കുകയും ചെറിയ തെറ്റുകാർ പരാജയപ്പെടുകയും ചെയ്യുന്നതിലെ രാഷ്ട്രീയം ആണ് പഠിക്കേണ്ടത്. ശരിയുടെയും തെറ്റിന്റെയും യുകിതിബോധമല്ല അതിനപ്പുറമുള്ള വൈകാരിക തലങ്ങളാണ് ജനങ്ങളെ ഭരിക്കുന്നത്.. ഈ വൈകാരികയുടെ പ്രചാരണ കേന്ദ്രങ്ങൾ മുഖ്യമായും മീഡിയാസ് ആണ്. പ്രഭവ കേന്ദ്രങ്ങൾ മുഖ്യമായും ജാതി-മത സ്വതങ്ങൾ ആണ്. സി,പി.എം ഏറ്റവും കൂടുതൽ അക്രമിക്കപെടുന്ന മാധ്യമ ഭീകരത ഇവിടെ ഗൗരവത്തിൽ കാണേണ്ടതുണ്ട്.
രാഷ്ട്രീയത്തിൽ അധികാരത്തിന്റെ നിയമങ്ങളും മത്സരങ്ങളും ഉണ്ട്. അധികാരമില്ലാത്ത രാഷ്ട്രീയത്തിന്റെ സങ്കൽപ്പങ്ങൾ ഉണ്ട്. അധികാരത്തിന്റെയും അവകാശത്തിന്റെയും വേർതിരിവുകൾ ഉണ്ട്.നൈതീകതയുടെം തർക്കങ്ങൾ ഉണ്ട്. തർക്ക പരിഹാരങ്ങൾ ഉണ്ട് .
കേരള സംസ്ഥാനം രൂപം കൊണ്ടതിനു ശേഷമുള്ള ഏറ്റവും മികച്ച വികസന മാതൃകയാണ് പിണറായി ഗവണ്മെന്റ് എന്ന് പറഞ്ഞാൽ ആർക്കും നിഷേധിക്കാൻ സാധ്യമല്ല. മണ്മറഞ്ഞാൽ മാത്രം വാഴ്ത്തപ്പെടേണ്ട ഒന്നല്ല മഹത്വം. ജനങ്ങൾക്ക് ആനുകൂല്യം കിട്ടാത്തതുകൊണ്ടല്ല കിട്ടിയ ആനുകൂല്യങ്ങൾ തിരിച്ചറിയാനുള്ള സാമൂഹ്യ ബോധം ജനങ്ങൾക്ക് ഉണ്ടായില്ല എന്നതാണ് വസ്തുത.. അഥവാ അങ്ങിനെയൊരു തിരിച്ചറിവിന്റെ ബോധം ജനകൾക്കു ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്ന സത്യത്തെ ആണ് ഉൾക്കൊള്ളേണ്ടത്. അതായത് നേട്ടങ്ങളെ തമ്സ്കരിക്കാൻ മാത്രം പ്രതിലോമ മാധ്യമ പ്രവർത്തനം ശക്തമായിരിന്നു. ജനങ്ങൾ ഇക്കിളി വാർത്തകളുടെ ഇരകളായിരുന്നു.
തോൽപ്പിക്കേണ്ടവനെ കുറിച്ച് കുറച്ചു മാത്രം പ്രസംഗിക്കുകയും മത്സരത്തിനില്ലാത്തവനെ കുറിച്ച് വാതോരാതെ വിമർശിക്കുകയും ചെയ്യുന്ന പൊളിറ്റിക്കൽ മാനേജ്‌മന്റ് തിയറി ശുദ്ധ അസംബദ്ധമാണ് .
അതെ കോൺഗ്രസ്സുകാർ ഇവിടെ സി.പിഎമിന്നെ മാത്രം രാഷ്ട്രീയമായി ആക്രമിച്ചു. ബി.ജെ.പിയെ ഒന്നും പറഞ്ഞില്ല. അത് രാഷ്ട്രീയ വിവരം. ഇതാണ് വർഗ്ഗ സമീപനത്തിലെ ശരിയും .അവർ അവരുടെ വർഗ്ഗ ത്തെ അറിഞ്ഞു പെരുമാറുന്നു. എന്ന് മാത്രം .
മാധ്യമങ്ങളുടെ വർഗ്ഗ സ്വഭാവം കണ്ടു ശത്രു പക്ഷത്തു നിർത്താൻ കഴിയുന്നില്ല എന്നത് രാഷ്ട്രീയ വിവരക്കേടാണ്. മാധ്യമങ്ങളുടെ അജണ്ടകൾ നടപ്പാക്കി കൊടുക്കുന്ന ചാനൽ ചർച്ചകളിലെ സജീവ പങ്കാളികൾ ഇടതു നേതാക്കളാണ് എന്ന് കാണാം. ജനാധിപത്യ സ്വഭാവമില്ലാത്ത മാധ്യമങ്ങൾക്കു സ്വീകാര്യത ഉണ്ടാക്കികൊടുക്കാനുള്ള ബാധ്യത കമ്മ്യൂണിസ്റ് കാർ നിറവേറ്റേണ്ടതില്ല . വലതു മാധ്യമങ്ങൾ നടത്തുന്നത് സംവാദമല്ല അജണ്ട വെച്ചുള്ള തേജോവധമാണ്. നുണയെന്നറിഞ്ഞിട്ടും നുണച്ചിരി ക്കുന്നതു ബൂർഷ്വാ ചെറ്റത്തരമാണ്. സ്വന്തമായി സംശയിക്കാൻ രാഷ്ട്രീയ ശേഷിയില്ലാത്ത സമൂഹത്തിനു സംശയം ഉൽപാദിപ്പിച്ചു നൽകുന്ന ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റി കൊണ്ടിരിക്കുന്ന മാധ്യമങ്ങൾക്കു പൊതു സ്വീകാര്യത ഉണ്ടാക്കി കൊടുക്കുന്ന നിലപാട് രാഷ്ട്രീയ വിവരക്കേടാണ്. സംശയങ്ങൾ ക്രിയാത്മക ബുദ്ധിയുടെ ശീലമാണ്. പക്ഷെ അത് ഗീബല്സിന്റെ ധർമ്മമാവുമ്പോൾ വലിയ സാമൂഹ്യ വെല്ലു വിളിയാവും ഇയാഗോവിന്റെ വഴിയാകുമ്പോൾ വിഷം പുരണ്ട വാർത്തയാവും. . അരാഷ്ട്രീയ വൽക്കരണത്തിന്റെ മുഖ്യ കാർമ്മീകത്വം മാധ്യമങ്ങൾക്കാണെന്ന രാഷ്ട്രീയം പഠിക്കാതെ പോകരുത്. വലത് ചാനൽ ച ർച്ചകൾ അഹന്തയുടെ ആരോഗ്യം പ്രകടിപ്പിക്കാനുള്ള ഭാഷാ വ്യായാമം മാത്രമാണ്. ഇത്തരം വ്യായാമങ്ങളിൽ മല്പിടുത്തതിന് പോവുന്നത് ക്രിയാത്മക രാഷ്ട്രീയമാവില്ല .
പഠിക്കാതെ പോകുന്ന ഓരോ രാഷ്ട്രീയവും നാളത്തെ വെല്ലുവിളിയാകും എന്ന് അറിയണം. ജനങ്ങളിൽ നിന്ന് പഠിക്കുന്നതും ജനങ്ങളെ പഠിപ്പിക്കുന്നതുമാണ് രാഷ്ട്രീയം. അത് സാമൂഹ്യ പാഠമാണ്. മാധ്യമങ്ങൾ അടക്കമുള്ള വർഗ്ഗ ശത്രുക്കൾ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകൾ സ്വീകരിക്കുന്നില്ലെങ്കിലും സംശയത്തിൻ്റെ അക്കൗണ്ടിൽ അണികൾ അത് സൂക്ഷിച്ചു വെക്കുന്നുണ്ട് എന്ന് അറിയാതെ പോവരുത് . ആവർത്തിക്ക പ്പെടുന്ന നുണകൾക്ക് മനസ്സിൽ ഒരു ഇടം കിട്ടാതെ പോവില്ല എന്നത് ഒരു സാമൂഹ്യ മനഃശാസ്ത്ര സത്യമാണ്. ഗീബല്സിന് ഇത് അറിയാമായിരുന്നു. ഇതൊരു അരാഷ്ട്രീയ പ്രക്രിയയാണ്.
രാഷ്ട്രീയ സുഖവാസം എന്നത് ഒരു വലതു മനോഭാവമാണ്. ബിനോയ് വിശ്വത്തിന്റെ മനോഭാവത്തിൽ അത് ഉണ്ട് എന്നുള്ളത് ആരോപണമല്ല കണ്ടു ബോധ്യപ്പെടാവുന്ന വസ്തുതയാണ്. രാഷ്ട്രീയ സുഖവാസം കമ്മ്യൂണിസ്റ്റ് കാരനെ അച്ചടക്കമില്ലാത്ത 'നിക്ഷ്പക്ഷനാക്കും'. ഇങ്ങനെയുള്ള നിക്ഷ്പക്ഷന്മാർ രാഷ്ട്രീയ വലതുപക്ഷമാണ് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. രാഷ്ട്രീയം സംരംഭകത്വ വഴിയിൽ പോവുമ്പോൾ നേതാക്കൻമാർ ബോസുമാർ ആവും.
പേരെടുത്തു വിമർശിക്കാൻ പേടിതോന്നേണ്ട കാര്യമില്ല. മാർക്സിസ്റ്റു വിരുദ്ധത മൂത്തു നിൽക്കുന്ന മാധ്യമങ്ങളെ പേരെടുത്തു പറഞ്ഞു വിമർശിക്കണം. മാതൃഭൂമി എന്ന് പറയാൻ വിഷമം തോന്നുന്നുവെങ്കിൽ അത് രാഷ്ട്രീയമായ ശേഷിക്കുറവാണ്. ആർജ്ജവമില്ലാത്ത രാഷ്ട്രീയ നിലപാടുകൊണ്ടു സമൂഹത്തെ രാഷ്ട്രീയം പഠിപ്പിക്കാനാവില്ല. പഠിപ്പിക്കുന്ന പാഠങ്ങൾ അല്ല എടുക്കുന്ന നിലപാടുകളാണ് ജനങ്ങൾ നോക്കുന്നത്. രാഷ്ട്രീയവൽക്കരിക്കാത്ത വികസനം ബോധമില്ലാത്ത ജനങ്ങളെ സൃ ട്ടിക്കും എന്ന് നമ്മൾ കണ്ടു. അതായതു വികസനത്തിന്റെ ജോലി (good governance) ഗവെർന്മെന്റ് ചെയ്യുമ്പോൾ രാഷ്ട്രീയ ദൗത്യം പാർട്ടി നിർവഹിച്ചോ എന്നുള്ളതാണ് ചോദ്യം. കാരണം വികസനം എന്നത് ഒരു രാഷ്ട്രീയ സമീപനമാണ്. ജനങ്ങൾ ഇത് അറിയാതെ പോയി എന്നത് ഒരു രാഷ്ട്രീയ പരാജയമാണ്.
കമ്മ്യൂണിസ്റ്റ് നേതാക്കളുടെ രാഷ്ട്രീയ ആർജ്ജവത്തെ അഹന്തയായി കാണുന്ന മാധ്യമങ്ങൾ വലതു നേതാക്കളുടെ അഹന്തയെ ആർജ്ജവമായി ഉയർത്തിക്കാട്ടുന്നതും നമുക്ക് കാണാം. ഉത്തമമായ രാഷ്ട്രീയ ബോധത്തെ നിസ്സംഗതയിലേക്കു തള്ളിവിടുക എന്നതാണ് ബൂർഷ്വാ സംവേദന തന്ത്രം. അക്രമത്തിന്റെ പക്ഷത്തു നിന്നുകൊണ്ട് അക്രമത്തിനെതിരെ സംസാരിക്കുന്ന "മീഡിയ സിണ്ടിക്കേറ്റ്' ഇവിടെ ശക്തമാണ്. ഈ "മീഡിയ സിണ്ടിക്കേറ്റ് " വർഗ്ഗ പരമായ സമരസപ്പെട്ടാലാണ്.
വ്യക്തി ഹത്യ ചെയ്തു അപമാനിക്കുക എന്നത് ബൂർഷ്വാർസിയുടെ അവസാനത്തെ അടവാണ്. അങ്ങിനെയാണ് പിണറായിയുടെ ഭാര്യ കമലക്കു കമല ഇന്റർനാഷണൽ "എഴുതി കൊടുത്തത് ". തൻ്റെ രാഷ്ട്രീയ ആർജ്ജവം ഒന്ന് കൊണ്ടുമാത്രമാണ് സ്റ്റാലിന് ഏകാധിപതിയുടെ പട്ടം ചാർത്തികിട്ടിയത് എന്ന് ഇവിടെ ഓർക്കുന്നത് നന്ന് . .ഭാഷയുടെ ധർമ്മങ്ങളെ കുറിച്ച് വാചാലമാവുന്ന രാഷ്ട്രീയ വക്കാലത്തുകാർ വലതു നേതാക്കൾക്ക് ഇക്കാര്യത്തിൽ പ്രത്യേക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്..
വീട്ടിൽ പാർട്ടി പത്രം വേണ്ട എന്നാണ് കുറെ പേരുടെ നിലപാട്. പാർട്ടി യുടേതല്ലാത്ത ഒരു പത്രവും ഇവിടെ ഇല്ല എന്നതാണ് സത്യം. മാതൃഭൂമിയും മനോരമയും ധർമ്മം കൊണ്ടും കർമ്മം കൊണ്ടും വലതു മാധ്യമങ്ങൾ ആണ്. സ്വകാര്യ മുതലാളി മാരുടെ പത്രങ്ങൾ ആണ്. ഇത് അവരുടെ ബിസിനസ് ആണ്. സമ്മർദ്ദത്തിലൂടെ സ്ഥാനമുറപ്പിക്കാൻ ഒരു മുന്നണിയും. ബൂർഷ്വാ രാഷ്ട്രീയ ദൗത്യo നിറവേറ്റാൻ സ്വന്തം പത്രവും ഉപയോഗിക്കുന്ന പത്രമുതലാളി പൊളിറ്റിക്കൽ ഹിപ്പോക്രസി യുടെ ലക്ഷണമൊത്ത കഥാപാത്രമാണ് .. ഇത് സഹിക്കുന്ന നിസ്സഹായാവസ്ഥ ഒരു രാഷ്ട്രീയ സത്യമാണ്. .
ആശയ ശേഷിയും (POLITICAL KNOWLEDGE) പ്രായോഗീക ബുദ്ധിയും (political skill) സമരസ പ്പെടുന്നിടത്താണ് ഉത്തമ രാഷ്ട്രീയം പ്രകടമാവുക.
തെരെഞ്ഞെടുപ്പുകാലത്തെങ്കിലും വലതുപക്ഷം രാഷ്ട്രീയ അശ്‌ളീല മാവുന്നുണ്ട് എന്ന് കാണാതെ പോവരുത്. നിലയും നിലവാരവുമില്ലാത്ത അവരുടെ മനോഭാവത്തോട് നയതന്ത്ര വിനയം ആവശ്യമില്ല തന്നെ. കാരണം ഇത്തരം 'വിനയങ്ങൾ ' അണികളുടെ ആവേശം കെടുത്തിക്കളയും എന്നത് ഒരു ലളിത മായ laymen സൈക്കോളജി ആണ്. ഉരുളക്കുപ്പേരി കൊടുക്കുന്ന നേതാവിനെയാണ് അവർ ആഗ്രഹിക്കുന്നത് . രാഷ്ട്രീയമായ നിർവികാരത നിസ്സംഗതയിലേക്ക് പോവും എന്ന് കാണാതെ പോവരുത്. ഈ നിസ്സംഗത പ്രതിരോധം നഷ്ട്ടപ്പെട്ട ഇരകളെ സൃഷ്ട്ടിക്കും .
വായിക്കുന്ന പുസ്തകമല്ല തിരിച്ചറിയുന്ന ജീവിതമാണ് നിങ്ങളുടെ രാഷ്ട്രീയം. തിരിച്ചറിവ് നഷ്ടപ്പെട്ട ജനത ലോക ചരിത്രത്തിൽ ആവർത്തിച്ചുണ്ടായിട്ടുണ്ട്. എന്നത് ക്രൂരമായ ഒരു രാഷ്ട്രീയ തമാശയാണ്. ഇങ്ങനെ ഒരു ക്രൂരത നാളെ കേരളത്തിലും സംഭവിക്കാം. അപ്പോഴും അത് നിസ്സഹായതയോടെ നോക്കി നിൽക്കാനേ നമുക്ക് കഴിയൂ. രാഷ്ട്രീയ ബോധം കൈവിട്ടുപോയ ജനതയെ രാഷ്ട്രീയ വൽക്കരിക്കാൻ ആർക്കു കഴിയും എന്നതാണ് മുഖ്യ പ്രശ്നം. അതായതു "പൊളിറ്റിക്കലി കറക്റ്റ് " ആവുക തന്നെ.