swathwa rashtreeyathile kanappurangal- politics



സ്വത്വ രാഷ്ട്രീയത്തിലെ  കാണാപ്പുറങ്ങൾ.

*********************************************

രാഷ്ട്രീയത്തിന്  ഒരു പാട് വിശകലങ്ങളും വ്യാഖ്യാനങ്ങളൂം  വഴികളും ഉണ്ട്. ഇടവഴികളും ഉണ്ട്. അതിൻ്റെ   ധർമ്മം നിശ്ചയിക്കുന്നതും  മുന്നോട്ടു കൊണ്ടുപോവുന്നതും ജനങ്ങളാണ് . സമൂഹമാണ്. ഇക്കാര്യത്തിൽ ബുദ്ധിജീവികൾക്ക് സിദ്ധാന്തപരമായ  ചുമതല മാതമേ ഉള്ളൂ. അതുകൊണ്ട്  സമൂഹത്തിന്റെ മനോഭാവമാണ്  രാഷ്ട്രീയം  എന്ന് പറയാം. സൈദ്ധാന്തീക മായ  സ്വപ്നങ്ങൾക്കപ്പുറമാണ്  രാഷ്ട്രീയം അതിൻ്റെ  ധർമ്മം  എന്നും നിറവേറ്റികൊണ്ടിരിക്കുന്നത്  എന്ന് കാണാം.  

രാഷ്ട്രീയ നിർമ്മിതിയുടെ ഏറ്റവും കാതലായ  വശം സ്വത്വ ബോധമാണ്. അതായത്  ഒരാളുടെ സ്വത്വമാണ് അയാളുടെ രാഷ്ട്രീയ ദിശ നിശ്ചയിക്കുന്നത് . ഇങ്ങനെയുള്ള സ്വത്വം  നിശ്ചയിക്കുന്നത്  പ്രബലമായ ജാതി -മത  സംസ്കാരങ്ങൾ ആണ്. പ്രാദേശികമായ ജാതി ഭേദം കൊണ്ട്  വൈരുദ്ധ്യമേറിയതാണ്  ഇന്ത്യൻ സംസ്കാരം. നമുക്കുള്ളത്  മതേതര സ്വത്വമാണ്  എന്നത്  അത്ര നിഷ്കളങ്കമായ നിരീക്ഷണവു മല്ല . നമ്മുടെ ഭരണ സംവിധാനത്തെ നോക്കി  ഇത് ബോധ്യപ്പെടാവുന്നതേയുള്ളൂ. രാഷ്ട്രീയത്തെ പാർട്ടികൾ വിഭജിച്ചെടുക്കുമ്പോൾ  അവിടെ നമുക്ക് കാണാൻ കഴിയുക  ജാതി  മേൽക്കോയ്മയാണ്. അത് ദളിദ് ആയാലും സവർണ്ണമായാലും  ജാതി തന്നെ. ജാതി സ്വത്വത്തിന്റെ   സർവ്വാധികാരത്തിൽ ഇരുന്നു കൊണ്ട്  ജനാധിപത്യം  നിർവചിക്കപ്പെടുമ്പോൾ    അവിടെ വർഗ്ഗീയത  രാഷ്ട്രീയ മൂലധനമായി  മാറും. 

 വിശ്വാസത്തെ രാഷ്ട്രീയ വൽക്കരിക്കുമ്പോൾ  രാഷ്ട്രീയം കെട്ടുകഥകൾക്കൊപ്പം  നടക്കും. അയോദ്ധ്യ ഒരു അജണ്ട ആവുന്നത് അങ്ങിനെ യാണ് . രാഷ്ട്രീയം  വിശ്വാസത്തിന്റെ  വേഷംകെട്ടാവുന്നതിന്  നമ്മൾ സാക്ഷ്യം വഹിക്കുകയാണ്..  ഒരു ദേശത്തിന്റെ  സ്വത്വ  ഭ്രംശത്തിൻ്റെ  കെട്ടുകാഴ്ചകളാണ്  രാഷ്ട്രീയമായി  നമുക്ക് ഇവിടെ കാണാൻ കഴിയുന്നത് . സാമൂഹ്യാധികാരത്തിൻ്റെ  അഹന്തയായി  ജാതി വാലുകൾ  ഇന്നും കൊണ്ട് നടക്കുന്ന സമൂഹത്തത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യൻ എന്ന ഏകത്വത്തിൽ നിന്നുമുള്ള  പിൻ  നടത്തം  ഇന്നും തുടർന്നുകൊണ്ടാണ്  ജനാധിപത്യത്തെ കുറിച്ച്  നാം സംസാരിച്ചു കൊണ്ടിരിക്കുന്നത് .

വിശ്വാസത്തിന്റെ  വികാരവായ്‌പിൽ  ജനങ്ങളെ രാഷ്ട്രീയ ബന്ദികളാക്കുക എന്നതാണ് വർഗ്ഗീയതയുടെ വഴി. രാഷ്ട്രീയം ഭൂരിപക്ഷത്തിന്റെ വിജയമായതുകൊണ്ടു  ഭൂരിപക്ഷത്തിന്റെ സമുദായ വികാരമാണ്  തുരുപ്പ്  ചീട്ട്.. ഇത് അധികാരത്തിന്റെ കുറുക്കു വഴി മാത്രമാണ്. അല്ലാതെ  മത ബോധത്തിന്റെയോ  ദർശനത്തിന്റെയോ  നിഷ്കളങ്കമായ  നിലപാടല്ല.അതായത്  ഹിന്ദുയിസവും  ബി.ജെ.പിയും തമ്മിൽ  സൈദ്ധാന്തിക ബാധ്യതയൊന്നും ഇല്ല .മറിച്ചു  മതത്തെ രാഷ്ട്രീയ അധികാരത്തിനുള്ള സാമൂഹ്യ ഉപാധിയാക്കുന്ന  കാഴ്ചയാണ്  നാം കാണുന്ന വർഗ്ഗീയത .

വർഗ്ഗ സ്വത്വത്തെ  തിരിച്ചു പിടിക്കുക  എന്നത്  ഏറെ ശ്രമകരമായ  ദൗത്യമാണ്. വളർന്നു വരുന്ന കർഷക മുന്നേറ്റം വർഗ്ഗ സ്വത്വത്ത അടയാളപ്പെടുത്തുന്നുണ്ട് . തൊഴിലവകാശങ്ങൾ  തിരിച്ചറിഞ്ഞു കൊണ്ട് മാതമേ  വർഗ്ഗ സ്വത്വത്തെ വളർത്താനാവൂ. വർഗ്ഗീയതക്ക്  അത്രപെട്ടെന്ന്  കീഴ് പെടുത്താൻ  കഴിയാത്ത വിഭാഗമാണ് ഈഴവർ എന്ന ഒരു പൊതു ധാരണ ഇവിടെ ഉണ്ടായിരിന്നു.  ആ ധാരണ  കഴിഞ്ഞ പാര്ലമെന്റ്  തെരെഞ്ഞെടുപ്പോടുകൂടി  മാറിക്കിട്ടി . ജാതി സ്വത്വത്തെ വർഗ്ഗീയതയുടെ പൊതു ധാരയിലേക്ക് കൊണ്ടുവരാൻ  പദ്ധതി തയ്യാറാവുന്നുണ്ട് എന്ന്  കരുതുന്നതിൽ  തെറ്റുണ്ടാവും എന്ന് തോന്നുന്നില്ല. ജനകീയ സമരങ്ങളിലൂടെ മാത്രമേ  വർഗ്ഗ സ്വത്വത്തെ  തിരിച്ചു പിടിക്കാനാവൂ. കാരണം  അവിടെ ഉന്നയിക്കുന്ന മുദ്രാവാഖ്യങ്ങൾ  അവകാശ ബോധത്തിന്റേതാണ്.

സാമൂഹ്യ ജീവിതത്തിൽ  നിലനിൽപ്പിനും വളർച്ചക്കും വേണ്ടിയുള്ള  പോരാട്ടങ്ങൾ  പൊതു ബോധത്തെ ശക്തി പ്പെടുത്തും .അത് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും വഴിയിൽ  പിഴച്ചു പോവാതിരുന്നാൽ  മതി.ആചാരങ്ങൾ പലപ്പോഴും അവകാശങ്ങളുടെ മേലുള്ള  വെല്ലുവിളിയാണ്.. സാമൂഹികവും സാംസ്കാരികവും ജൈവപരവുമായ  മനോഭാവത്തിന്റെ  നിലയാണ് സ്വത്വം . വിശ്വാസത്തിന്റെയും  വിഭാഗീയതയുടെയും  സ്വത്വ നിലയിൽ നിന്നുള്ള  സ്വാ തന്ത്രമാണ്  ഇവിടെ ആവശ്യം. നിർഭാഗ്യവശാൽ  സ്വത്വപരമായ  അടിമത്വം  ഒരു ഇന്ത്യൻ സത്യമാണ്.

തിരിച്ചറിവിന്റെ വെളിച്ചത്തിൽ സ്വയം ബോദ്ധ്യയപ്പെട്ടുകൊണ്ടുമാത്രമേ  ഒരു സ്വത്വം  അതിൻ്റെ  ജനാധിപത്യ ധർമ്മം  നിറവേറ്റുകയുള്ളൂ. നിർഭാഗ്യവശാൽ ഇങ്ങനെയൊരു തിരിച്ചറിവ്  ഇന്ത്യൻ സമൂഹത്തിനു പൊതുവിൽ ഇല്ല  എന്ന് അനുമാനിക്കാനേ  നിർവാഹമുള്ളൂ.

ഒരു  ജനതയുടെ  തീരുമാനങ്ങളാണ്  ജനാധിപത്യം ആയി അടയാളപ്പെടുത്തുന്നത് .അതൊരു പൊതു ബോധത്തിന്റെ  ശരാശരിയാണ് . ഒരു കോമൺ  പ്ലേറ്റുഫോം  വ്യത്യസ്ത  സ്വഭാവത്തിലുള്ളവർ  പങ്കിടുന്നതിലൂടെ  സങ്കുചിതമായ  ജാതിബോധത്തെ ഒരു  പരിധിയോളം മറികടക്കാനാവും . ഒരു പൊതു മിനിമം പരിപാടിയിലൂടെ  ഇതൊരു  സ്ഥിരം പ്ലാറ്റഫോം ആയി മാറാനും സാധ്യതയുണ്ട്. ഇങ്ങനെയുള്ള പൊതു മിനിമം പരിപാടി  സങ്കുചിത സ്വത്വ ബോധത്തെ അതിജീവിക്കാൻ സഹായിക്കും.

രാഷ്ട്രീയത്തിൽ  ബിസിനസ്സും  ബിസിനെസ്സിൽ  രാഷ്ട്രീയവും ഉണ്ട്  എന്നതാണ് പൊതു അവസ്ഥ. അതുകൊണ്ട്  രാഷ്ട്രീയം    ബിസിനസ് വ്യവഹാരങ്ങളുടെ  മാനങ്ങൾ പാലിച്ചു തന്നെയാണ് മുന്നോട്ടുപോവുന്നത്.  സാമൂഹ്യാധികാരത്തിൻ്റെ  പദവികൾ തേടിക്കൊണ്ടാണ്  ബിസിനെസ്സ്കാർ  രാഷ്ട്രീയത്തിൽ ഇടം  ഉറപ്പിക്കുന്നത് . സാമൂഹ്യാധികാരം  ഒരു വ്യക്തിയുടെ  സോഷ്യലൈസേഷൻ  പ്രക്രിയ ആണ് .  ഒരു തരം  മാർക്കറ്റിംഗ്  രീതി തന്നെ. സ്വത്വം  എന്നത്  സാമൂഹ്യ നിലയുടെ പ്രകാശനമാണ്. അതായത്  സമഗ്രതയുടെ  ഏകത്വമാണ് ഒരാളുടെ  സ്വത്വം. അതിൽ കച്ചവടമുണ്ട്, സംസ്കാരമുണ്ട് ,രാഷ്ട്രീയമുണ്ട്  വിശ്വാസമുണ്ട്.  വിശ്വാസമുള്ളതുകൊണ്ടു തന്നെ അന്ധ വിശ്വാസവുമുണ്ട് . ജാതിയുണ്ട്  മതമുണ്ട് , ജാതിഭേദമുണ്ട് .ഇങ്ങനെയുള്ള സമഗ്രതയുടെ ഏകത്വം  വിഭാഗീയ ചിന്തകൊണ്ട്  നിരാകരിക്കുമ്പോഴാണ്  സ്വത്വ ഭ്രംശം  സംഭവിക്കുന്നത്. ഇത്  തന്നെയാണ് ഇന്ത്യയുടെ ഇന്നത്തെ പ്രതിസന്ധി.

പൊതു ബോധത്തിൽ നിന്നും സ്വകാര്യ ബോധത്തിലേക്കും  സ്വാകാര്യ ബോധത്തിൽ നിന്നും  നിക്ഷിപ്ത  നിലപാടിലേക്കും  നയിക്കുന്നത്  കോർപ്പറേറ്റ്  രാഷ്ട്രീയമാണ്.  അതായത്  രാഷ്ട്രീയം  വാണിജ്യ വൽക്കരിക്ക പ്പെടുകയാണ് . രാഷ്ട്രീയവും ബിസിനസ്സും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാവുകയാണ്.  റിസോർട്ടുകളിൽ  ലോക്ക് ചെയ്ത്    സൂക്ഷിക്കേണ്ട  ജനപ്രതിനിധികൾ  ഉള്ള നാടാണ് നമ്മുടേത് . മൂല്യ തകർച്ചയുടെ  മഹാ ഗർത്തത്തിലേക്ക്  സമൂഹം  വീണിരിക്കുന്നു.  അതുകൊണ്ടു രാഷ്ട്രീയ സംരംഭകത്വം  സത്യമാവുകയാണ്. ഇവിടെ മൂല്യങ്ങൾ മാറ്റിമറിക്കപ്പെടുന്നുണ്ട് . ശരാശരി ഇന്ത്യ ക്കാരന്റെ  സ്വത്വം എന്നത്  വല്ലാതെ  സങ്കുചിതമാവുന്നുണ്ട്  എന്ന് കാണേണ്ടതുണ്ട് . ഈ സങ്കുചിത  സ്വത്വത്തിൽ നിന്നുമാണ് ഇന്ത്യൻ രാഷ്ട്രീയം അതിൻ്റെ  വിധി എഴുതുന്നത്. വർഗ്ഗീയത  അധികാരി ആവുന്നത്   ഈ സാമൂഹ്യ  സാഹചര്യത്തിൽ ആണ്.

ഭരണ ഘടന  ആശ്വാസമാണ്  എന്ന് പറയാറുണ്ട്.  കാരണം അതാണ്  നമ്മുടെ രക്ഷാധികാരി . അങ്ങിനെ ഒരു രക്ഷാധികാരി ഉള്ളത് കൊണ്ട്  നമ്മൾ സുരക്ഷിതർ ആണ് എന്ന്   വിശ്വസിക്കുന്നു. ഈ വിശ്വാസം  സംരക്ഷിക്കപ്പെടുമോ  എന്നതാണ്  ഇപ്പോൾ  നമ്മുടെ സംശയം. ദേശീയതയെ അറിയാതെയും  പറയാതെയും  നമ്മുക്ക്  സ്വത്വത്തെ കുറിച്ച്  നിലപാടെടുക്കാൻ കഴിയില്ല. അവിടെയാണ് ഭരണ ഘടനയുടെ  മഹത്വം  നമ്മൾ കാണേണ്ടത്.

Previous
Next Post »