SREEJITH EFFECT- KATHA



ശ്രീജിത്ത്  ഇഫക്ട്



തിരൂരിൽ നിന്നാണ് വണ്ടി കയറിയത്..സൂചി കുത്താൻ  ഇടമില്ല ..എങ്ങിനെയോ  പിടിച്ചു കയറി..അപ്പോഴും  പലരും പുറത്തു തന്നെ.. ..വിഷുവിന്റെ അവധിക്കു പോവുന്നവർ ഉള്ളത് കൊണ്ട്...വണ്ടിയിൽ  കയറുക  കഷ്ടം തന്നെ...നാല് ഭാഗത്തു നിന്നും വരിഞ്ഞു കെട്ടിയതു കൊണ്ട് പിടിക്കുകയൊന്നും വേണ്ട....

ഒന്ന്   മൂത്രമൊഴിക്കാം  എന്ന് വിചാരിച്ചാൽ  ഒരു രക്ഷയുമില്ല...അക്കാര്യം പറഞ്ഞാൽ  തെറി  വേറെ കേൾക്കേണ്ടി   വരും..ഒരാൾ  ഇരയായത്  കണ്ടതാണ്....ഓരോരുത്തനു   വണ്ടിയിൽ എത്തുമ്പോഴാണ്  മൂത്രം വരുക...ഓ....വയ്യാ...എനിക്ക് വഴക്കൊന്നും കേൾക്കാൻ ആവില്ല...

അതുകൊണ്ടു  ഇറുക്കി പിടിച്ചു  നിന്നു ...കണ്ണൂരിൽ ഇറങ്ങിയിട്ട്  ഒഴിക്കാം....
വലിച്ചു മുറുക്കിയ  ആൾക്കൂട്ട സ്നേഹത്തെ  ആസ്വദിച്ച ശരീരം വിയർത്തൊലിച്ചു....വിയർപ്പിൽ  മൂത്രശങ്ക മറന്നു പോയി....മൂത്രം വിയർപ്പായി പോവുമായിരിക്കും..ഞാൻ  സമാധാനിച്ചു...കയ്യിലുള്ള പെൻഷൻ   കടലാസുകൾ   സുരക്ഷിതമാണെന്ന്  ഒന്ന് കൂടി ഉറപ്പിച്ചു..

വണ്ടി  കണ്ണൂരിൽ  എത്തുംമ്പോഴേക്കും   സമയം നാലര.  വണ്ടി ഒരുമണിക്കൂർ ലേറ്റ് ...തിരക്കിൽ ഒഴുകി കൊണ്ടു തന്നെ ഇറങ്ങി....  അടുത്തുള്ള ഇടവഴിയിൽ കൂടി നടക്കുമ്പോഴാണ്  നല്ല ഒരു  സൗകര്യം  കണ്ടത്...

വീണ്ടും  ആ ഓർമ്മ വന്നു...മൂത്ര ശങ്ക.....ഒരു രക്ഷയുമില്ല...ഇവിടെ   പിടിച്ചേ പറ്റൂ.....വിചാരിച്ചു കഴിഞ്ഞാൽ  രക്ഷയില്ല....അതാ  അതിൻ്റെ   ഒരു മനഃശാസ്ത്രം...ഷുഗറിന്റെ   പ്രശ്നം ഉള്ളതുകൊണ്ട്  പിടിച്ചു നിർത്തുക വലിയ പ്രശ്നം തന്നെ...

രണ്ടു തുള്ളി  അടിവസ്ത്രത്തിൽ   നനച്ചുകൊണ്ട്    മൂത്രശങ്ക എന്നെ  ഭീഷണിപ്പെടുത്തി...

പിന്നെ  ഒന്നും  ആലോചിച്ചില്ല....അവിടെ  അങ്ങ് പിടിച്ചു...പെട്ടെന്നാണ്  പിന്നിൽ നിന്നും ഒരാൾ  കോളർ പിടിച്ചു  വലിച്ചത്....ഒരു  ചെറു യുവാവ്...എന്തെടാ  അവിടെ  എഴുതിയത്  കണ്ടില്ലേ...ഞാൻ  നോക്കി...അത്  കണ്ടു...''ഇവിടെ മൂത്രം ഒഴിക്കരുത്..''  വിനയാന്വി തനായി   ഞാൻ പറഞ്ഞു ....
.... കണ്ടില്ല..
എന്താ  നാ.....മോനെ  എന്ന് പറഞ്ഞു കൊണ്ട് ..... ഒറ്റ ചവിട്ടാ   നെഞ്ചിലേക്ക്..അപ്പോഴേക്കും ആൾക്കാർ ഇഷ്ടം പോലെ വളഞ്ഞിരിന്നു... എല്ലാവരും  മൊബൈലിൽ   സീൻ  പകർത്താൻ തുടങ്ങി....

ആവേശം വന്ന ചെറുപ്പക്കാരൻ  സ്വയം  നായകനായി.....വില്ലനെ അടിച്ചു  തിമിർക്കുന്നു...വായിൽ നിന്നും ചോര വന്നു...അതുകണ്ടു ആവേശം വന്ന മറ്റൊരു ചെറുപ്പക്കാരൻ  ഒരു സ്പെഷ്യൽ വീഡിയോ കവറേജ് നടത്തി...

കറുത്ത  കണ്ണേട്ടൻ  അപ്പോഴാണ്  അത് വഴി വന്നത് ...ഷൂട്ടിംഗ് കാരെ നോക്കി വയസ്സൻ കണ്ണേട്ടൻ പറഞ്ഞു   ...... പിടിച്ചു  മറ്റേടാ    അവനെ...ആ വൃദ്ധൻ  അടിക്കുന്ന  ആ ചറുപ്പക്കാരനെ പിടിച്ചു മാറ്റി...അപ്പോൾ   മാത്രം ബോധം വന്ന  കാണികൾ  വൃദ്ധനെ സഹായിച്ചു...

രക്ഷപ്പെട്ടു ....

ഞാൻ വിവശനായി  പഴയ ബസ് സ്റ്റാൻഡിലേക്ക് നടന്നു പോയി..

അപ്പോഴതാ  വരുന്നു  ആ കറുത്ത  വൃദ്ധൻ......

എന്നെക്കണ്ട  ആ മനുഷ്യൻ  ചോദിച്ചു...നിങ്ങൾക്കെന്താ  അവനെ  ഒന്ന് തിരിച്ചു അടിച്ചുകൂടെ....ചെറിയ പയ്യൻ അല്ലെ അവൻ...

അത്....പിന്നെ...അത്  ശരിയാവില്ല...

എന്ത്  ശരിയാവില്ല എന്നാ   നിങ്ങൾ  പറയുന്നത്...?

നിങ്ങൾ ആരാ..?   ഞാൻ ചോദിച്ചു...

ഞാൻ കണ്ണൻ  ...അടി കൊണ്ടും  കൊടുത്തും  നല്ല ശീലാ ...രാഷ്ട്രീയക്കാരനാ....ഇപ്പൊ  വയസ്സ്  അറുപതു  കഴിഞ്ഞു...

അപ്പോൾ ഞാൻ പറഞ്ഞു....

അത്  ഞാൻ പരിയാരത്തെ പോലീസ് കാരനാ....... അതാ....

അടുത്ത  മാസം പെൻഷനാ........
Previous
Next Post »