KORONA NALKUNNA SAAMOOHYA PATANGAL..ESSAY..


കൊറോണ  നൽകുന്ന  സാമൂഹ്യ പാഠങ്ങൾ
**************************************************


ഓരോ  അനുഭവവും  സമൂഹത്തിനു  പുതിയ പാഠങ്ങൾ ആണ്. പ്രതിസന്ധികളിൽ നിന്നും പുതിയ പാഠങ്ങൾ  പഠിച്ചു  എന്നത് ചരിത്രം. ഇവിടെ കൊറോണ  അപൂർവമായ  ഒരു അനുഭവമാവുകയാണ്. മറന്നുപോയ മൂല്യങ്ങളെ കൂട്ടമായി  ഓർക്കാൻ അവസരമുണ്ടായി എന്നതാണ്  ഈ കൊറോണക്കാലത്തെ  സവിശേഷത.

മനുഷ്യ ജീവന് വിലകൽപ്പിക്കാത്ത  സാമ്രാജ്യത്വ -വികസിത മുതലാളിത്ത ജാടയും  നമ്മൾ കാണുന്നുണ്ട് . ക്ഷേമ സങ്കൽപ്പത്തെ  എത്ര മാത്രം  അവജ്ഞയോടെയാണ് സാമ്രാജ്യത്വം  കാണുന്നത്  എന്ന്  അമേരിക്കയെ നോക്കി നമുക്ക് പറയാൻ കഴിയും.  മനുഷ്യൻ  മരിച്ചു വീഴുമ്പോഴും  ലാഭമുണ്ടാക്കുന്ന  വ്യവഹാരങ്ങൾക്കു  തടസ്സമുണ്ടാവരുത് എന്ന്  കരുതുന്ന  മുതലാളിത്തത്തിന്റെ ഹീന മുഖമാണ് അമേരിക്കയിൽ  കാണുന്നത്.

അവിടുത്തെ  രോഗികളുടെ  എണ്ണം പത്തു ലക്ഷം കവിഞ്ഞു. മരണം രണ്ടു ലക്ഷത്തിൽ പരിമിതപ്പെടുത്താൻ കഴിയും എന്നാണ് അമേരിക്കൻ ഭരണകൂടം പറയുന്നത്.  എത്രമാത്രം  നിരുത്തരവാദദപരമാണ്   ഈ  പ്രസ്താവന എന്ന് മനസിലാക്കാൻ   മറ്റു രാജ്യങ്ങൾ  കൊറോണയെ പ്രതിരോധിക്കാൻ സ്വീകരിക്കുന്ന  നടപടികൾ നോക്കിയാൽ മതി..

സമൂഹം  പൊതുവിൽ  വെറുപ്പ്‌ മാറ്റിവെച്ച കാലമാണ്  കൊറോണക്കാലം. ഒരുമയുടെ   പ്രാരാബ്ദക്കാലം .  മനസ്സൊപ്പരത്തിന്റെ  കാലം. പൊതു ശത്രു  വിനെതിരെ  ഒന്നിക്കും  കാലം. പ്രതിബദ്ധതയുടെ  മാറ്റുരക്കും കാലം.  മത്സരിച്ചു  സ്നേഹിച്ച കാലം.

കൃഷി  അറിയാത്തവനും കൈക്കോട്ടെടുത്ത കാലം.  വായിക്കാത്തവൻ   വായിച്ച കാലം.  ചിന്തിക്കാത്തവൻ ചിന്തിച്ചുപോയ കാലം.

 ദൈവങ്ങൾ  അവധിക്കുപോയ കാലം.  ശാസ്ത്രം  ചിരിച്ച കാലം. കണ്ടും കൊടുത്തും സ്നേഹമനുഭവിക്കുന്ന ഒരു സമൂഹത്തിന്റെ   അതിജീവനകാലം.

സാമൂഹ്യ മായി   ഭക്ഷണം  ഉണ്ടാക്കി കഴിച്ച കാലം.  പൊതു അടുക്കള(community kitchen )  അത്രമാത്രം ഉയർന്ന  മൂല്യബോധമാണ്. ഭക്ഷണത്തിലും   ജനാധിപത്യം  ഉണ്ടെന്ന്   അറിഞ്ഞ കാലം. പരിസര ശുചീകരണത്തിന്റെ  കാലം.  പരിസ്ഥിതി സംരക്ഷണത്തിന്റെ  കാലം. ആരോഗ്യ  അവബോധത്തിൻറെ  കാലം. ആചാരങ്ങളും  അനുഷ്ടാനങ്ങളും വലിച്ചെറിഞ്ഞ കാലം.  വിശ്വാസത്തിന്റെ മന്ത്രമല്ല  ശാസ്ത്രത്തിന്റെ  സാനിട്ടയ്‌സർ  ആണ് വേണ്ടത് എന്ന് കണ്ട കാലം. ഇത്   ശാസ്ത്ര ബോധം  വളരുന്ന കാലം.   മുഖം മറച്ചു  മനസ്സ്  തുറന്ന  കാലം.

വ്യക്തി  ശുചിത്വം  ഇത്രമാത്രം  പാലിക്ക പ്പെട്ട മറ്റൊരു കാലഘട്ടം ഉണ്ടായതായി  ചൂണ്ടി കാണിക്കാൻ പറ്റില്ല. ഈ ശുചിത്യ ബോധം  വലിയ പരിധിയോളം ഒരു ശീലത്തിലേക്കു  ഉയർന്നു വരും എന്ന കാര്യത്തിൽ  സംശയം വേണ്ട. വേണ്ടതിനും  വേണ്ടാത്തതിനും  ആശുപത്രിയെ  സമീപിക്കുക എന്ന ശീലം ഒരു പാട് മാറിയ  സമയമാണ് ഇത്. ശരിയായ ശീലത്തിലൂടെ രോഗത്തെ   അകറ്റി നിർത്താം എന്ന്  ഈ കാലഘട്ടം നമ്മെ പഠിപ്പിക്കുന്നുണ്ട്. മരുന്നുകളുടെ കേവല  ഉപഭോക്തക്കളായി ജീവിച്ചു  ശീലിച്ച നമ്മെ മരുന്നിനെ മാറ്റിനിർത്തി ജീവിക്കാൻ  ഈ അവസ്ഥ   പഠിപ്പിക്കുന്നുണ്ട്.


അധികാരത്തിന്റെ  അഹന്തയെ കുറിച്ച് നമ്മൾ പുനർചിന്തനം  നടത്തുന്നുണ്ട്.
അണുവിനു  മുമ്പിൽ  അണുബോംബ്  വിറച്ച കാലമായി  ചരിത്രം  ഇത് രേഖപ്പെടുത്തും.. സാമ്രജ്വത്വം  വിറച്ചു നിൽക്കുന്ന കാലം.  മുതലാളിത്തം   മൂലക്കിരുന്ന കാലം. മുഖം  മറക്കും മനുഷ്യനെ  മൂല്യം  ഓർമ്മിപ്പിച്ച   കാലം.  മീനുകൾ  തിമിർത്തു  നീന്തിയ കാലം.  വാട്ടർ  തീം  പാർക്കുകൾ  വരണ്ടുപോയ കാലം. ഇത് കൊറോണ ക്കാലം .. മനുഷ്യൻ  അവൻ്റെ   ആർത്തിയെ  സ്വയം  പഠിച്ച  കാലം. ..സ്വയം ബോധ്യപ്പെട്ടകാലം..

 സാമ്പത്തീക  പ്രവർത്തനത്തിലെ  സ്വാശ്രയ ബോധം   പഠിക്കും       കാലം. കാർഷീക സംസ്കാരത്തിന്റെ  സത്തയറിഞ്ഞ കാലം.  ഞാൻ സ്വയം പ്രാപ്തൻ ആകേണ്ടിയിരിക്കുന്നു  എന്ന്  ചിന്തിച്ച കാലം.

Community  Approach  ന്റെ  വിപ്ലവകരമായ  വിജയത്തിന്നാണ്  കേരളം ഇന്ന്  സാക്ഷ്യം  വഹിക്കുന്നത്.  ഭരണകൂടമല്ല   ജനങ്ങളാണ്  പ്രതിരോധം  തീർക്കേണ്ടത്  എന്ന മഹത്തായ സന്ദേശം..ക്ഷേമ ബോധത്തിൻ്റെ   സമർപ്പിത നയം.  ഭരണ കൂടത്തിനും  മുകളിലാണ്  ജനങ്ങൾ എന്ന് ഒരു ഭരണാധികാരി തിരിച്ചറിയുമ്പോൾ ആണ് ഒരു  WELFARE  STATE നമ്മൾ  കാണുന്നത്. അതുകൊണ്ടാണ്  "കരുതൽ "  എന്ന വാക്  ഇവിടെ കൂടുതൽ പ്രസക്തമാവുന്നത് .. സാമ്പത്തീക  ശാസ്ത്രത്തിലെ  ക്ഷേമം (welfare )  എന്ന വാക്കിന്റെ  സാമാന്യ അർത്ഥമായി ഈ  "കരുതൽ"  മനസിലാക്കേണ്ടതുണ്ട്.
മുഖ്യമന്ത്രി  ഇടക്കിടെ പ്രയോഗിക്കുന്ന ഈ വാക്ക്  " കരുതൽ"   അത്രമാത്രം  പ്രസക്ത മാവുന്നത്   അതുകൊണ്ടാണ്..
അതെ......
ഇത്  തിരിച്ചറിവിന്റെ  കാലം  തന്നെയാണ്...


*****

ഒ .വി. ശ്രീനിവാസൻ.





Previous
Next Post »