DARSHANEKA DUKHAM MOOLAM - KAVITHA



ദാർശനിക  ദുഃഖം മൂലം 

 പ്രബന്ധത്തിന്റെ 
അവസാനം 
നീ
 കുറിച്ചിട്ടു .


പ്രണയം 
ഒരു 
സദാചാര വിരുദ്ധ 
പ്രവർത്തനമെന്ന് 


അത് 
ആസ്വാദ്യകരമായ 
കാപട്യമാണെന്നും 
കലയിലെ 
കൽപിത ബിംബമാണെന്നും 
നീ നിർവചിച്ചു 


അത് 
ആരോപണങ്ങളുടെ 
രതിമഞ്ചമാണെന്നും 
ആത്മസംഘര്ഷങ്ങളുടെ 
കനലെരിവാണെന്നും 
നീ 
തർക്കിച്ചു  കൊണ്ടേയിരുന്നു 


ബന്ധങ്ങളുടെ 
വ്യാകരണ പിശകെന്നും 
ചിന്താഭീരുത്വമെന്നും 
നീ 
നുണ പറഞ്ഞു 


അത് രഹസ്യമാണെന്നും 
രഹസ്യങ്ങളെല്ലാം ഭയങ്ങളാണെന്നും 
അകൽച്ചയുടെ  അനർത്ഥങ്ങളാണെന്നും 
നീ 
ശാഠ്യം  പിടിച്ചു .


ഹൃദയം , കരള് , പൊന്ന് 
എന്നിവയുടെ 
ശബ്ദഘോഷമാണെന്നും 
അന്ധവിശ്വാസത്തിന്റെ 
അന്വേഷണവഴിയാണെന്നും 
ജീവിതത്തിലെ  ശൂന്യഗണമെന്നും 
നീ 
കണ്ടെത്തിയപ്പോൾ 
ഇനിയുമൊരു നിർവചനമില്ലാതെ 
ഞാൻ  
ഉറക്കത്തിലായി .

Previous
Next Post »