പ്രശ്നം ഇത്രമാത്രം
ഒരു കവിതയെഴുതണമെന്നുണ്ട്
കവിതയിലെ പുതിയ ട്രെൻഡ്
നിഗൂഢതയിലെ വിവാദമാണെന്നായപ്പോൾ
കവിതയെഴുത്തു
പിന്നീടാവാമെന്നു വച്ചു
ഒരു നിരൂപണമെഴുതണമെന്നുണ്ട്
സത്യസന്ധനായ നിരൂപകൻ
സ്വയം നിരൂപിച്ചു
ശുദ്ധി ചെയ്തേ നിരൂപിക്കാവൂവെന്നായപ്പോൾ
നിരൂപണവും മാറ്റി വെച്ചു
ഒരു പ്രബന്ധമെഴുതണമെന്നുണ്ട്
ഏറ്റവും പുതിയ ആശയങ്ങൾ
അറിയാൻ ബാക്കികിടക്കുന്നതാണെന്നു
കണ്ടപ്പോൾ
പ്രബന്ധ രചനയും മാറ്റിവെച്ചു
ഒരു വിപ്ലവം വേണമെന്നുണ്ട്
പ്രത്യയശാസ്ത്രത്തിന്റെ വ്യാകരണ-
പ്പിശക് ചികഞ്ഞു ചികഞ്ഞു
പണ്ഡിതമൂർത്തികൾ തർക്കിച്ചപ്പോൾ
വിപ്ലവവും മാറ്റിവെച്ചു.
ഒന്ന് ജീവിക്കണമെന്നുണ്ട്
സാർത്രും ഫ്രോയിഡും യുങ്ങും
പറഞ്ഞതറിയണമെന്നായപ്പോൾ
ജീവനകലയുടെ ശ്വസനക്രിയയെങ്കിലും
അറിയണമെന്നായപ്പോൾ
ജീവിതവും വെറും ചോദ്യമായി
ഒന്നുറങ്ങണമെന്നുണ്ട്
പ്രത്യയശാസ്ത്രങ്ങളുടെ തലയണയ്ക്കിടയിൽ
സ്വാർത്ഥമോഹങ്ങളുടെ താക്കോൽക്കൂട്ട-
ങ്ങളാണെന്നറിയുമ്പോൾ
