ഡൈവോർസ്
ഞാൻ നിന്നെ
കാത്തിരിക്കാൻ
തുടങ്ങിയത്
വേർപിരിഞ്ഞ
ആ ദിവസം തൊട്ടാണ്.
മണി പേഴ്‌സിന്റെ
പുറം ചിത്രമായി
നി ന്നെ വെച്ച്
പൂജിച്ചതും
വേർപിരിഞ്ഞ
ആ ദിവസം തൊട്ടാണ്.
നിന്നെ ഒന്ന് തൊടാൻ
ആശിച്ചു പോയത്
വേർപിരിഞ്ഞ
ആ ദിവസം തൊട്ടാണ്.
വാ ട് സ് ആപ്പിലും
ഫേസ് ബുക്കിലും
ഇ. മെയ്‌ലിലും
നിന്നെ തേടിയത്
വേർപിരിഞ്ഞ
ആ ദിവസം തൊട്ടാണ്.
നിന്നെക്കുറിച്ചു
സംസാരിച്ചു
തുടങ്ങിയത്
വേർപിരിഞ്ഞ
ആ ദിവസം തൊട്ടാണ്.
നീ എഴുതിയ
സുറുമയും
നീ തൊട്ട സിന്ദൂരവും
എന്നെ നോക്കി
ചിരിച്ചത്
വേർപിരിഞ്ഞ
ആ ദിവസം തൊട്ടാണ് .
സമയങ്ങൾ
നിനക്ക് വേണ്ടി
നിലവിളിച്ചതും
വേർപിരിഞ്ഞ
ആ ദിവസം തൊട്ടാണ്.
നിയമ പുസ്തകങ്ങൾ
അടർത്തി വെച്ച
ജീവിതത്തെ
തിരിച്ചറിഞ്ഞത്
വേർ പിരിഞ്ഞ
ആ ദിവസം തൊട്ടാണ്..
